Monday, December 10, 2018

ഉപയോഗിച്ച് പഴകിയ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുതേ ഞെട്ടിക്കുന്ന പഠന ഫലം ഇതാ

Updated on 14-02-2018 at 4:33 pm

 

ഒരിക്കല്‍ ഉപയോഗിച്ച് പഴകിയതും അല്ലെങ്കില്‍ വാങ്ങി കുറേക്കാലം സൂക്ഷിച്ച ശേഷം നല്‍കുന്നതുമായ കളിപ്പാട്ടങ്ങള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ രീതിയാണ് ഈ ഗുരുതര സാഹചര്യമൊരുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര വാര്‍ത്താമാധ്യമമായ ബി.ബി.സി പുറത്തുവിട്ടത്.

നഴ്‌സറികളും വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള ഗവേഷണത്തില്‍, ഉപയോഗിച്ച 200 കളിപ്പാട്ടങ്ങള്‍ പഠനവിധേയമാക്കി. മാരകമായ ഒമ്പത് പദാര്‍ഥങ്ങള്‍ ഇവയില്‍ തിരിച്ചറിഞ്ഞു. ഒരേ സാധനത്തില്‍ ഒമ്പത് ഘടകങ്ങളും ഒരുമിച്ച് തിരിച്ചറിഞ്ഞത്, 20 കളിക്കോപ്പുകളിലാണ്. ബിബിസിയുടെ കണ്ടെത്തല്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സ്ഥിതി മുന്‍നിര്‍ത്തിയാണ് പഠനഫലം പുറത്തു വിട്ടത്. താലേറ്റ്‌സ് അടക്കം മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം ഈ കളിസാധനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആസ്മയിലും അലര്‍ജിയിലും തുടങ്ങി ഭാവിയില്‍ വന്ധ്യതയില്‍ എത്തിനില്‍ക്കാവുന്ന ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ രാസപദാര്‍ത്ഥങ്ങളോരോന്നും.

കുട്ടികള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍ അടുത്ത തലമുറയ്‌ക്കോ പ്രിയപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ ചൈല്‍ഡ് ഹോമുകളിലെ കുട്ടികള്‍ക്കോ സമ്മാനിക്കുന്ന നമ്മുടെ ശീലം അത്ര ശരിയല്ലെന്നാണ് നിഗമനം. സ്‌നേഹം പ്രകടിപ്പിക്കാന്‍ ചെയ്യുന്നത് ആരോഗ്യം നശിപ്പിക്കാന്‍ വഴിവെക്കുമെന്ന് സാരം. എത്രത്തോളം പ്രശ്‌നങ്ങള്‍ ഇവ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം ഈ മേഖലയിലെ വിദഗ്ധര്‍ക്കില്ല. എങ്കിലും നിര്‍മ്മിച്ച കളിപ്പാട്ടങ്ങളോരോന്നും ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് പ്ലൈമൗത്ത് സര്‍വ്വകലാശാല(Plymouth University) പ്രൊഫസറും ഈ പഠനസംഘത്തിന്റെ തലവനുമായ ഡോ. ആന്‍ഡ്രൂ ടര്‍ണര്‍ (Dr. Andrew Turner) പറയുന്നു. ലെഗോ ബ്രിക്‌സ്(lego bricks) എന്ന പേരില്‍ ഒരിക്കല്‍ വിപണിയിലെ താരമായിരുന്ന കളിപ്പാട്ടങ്ങളാണ് പ്രശ്‌നസാധ്യതകളില്‍ മുന്നില്‍ നിന്നിരുന്നത്. 1970കളിലും 80കളിലുമാണ് ലെഗോ ബ്രിക്‌സിന്റെ നിര്‍മ്മിതിയും വിപണനവും ആരംഭിച്ചതും. ഗുണനിലവാരത്തില്‍ അത്രയേറെ പ്രശ്‌നങ്ങള്‍ ഇന്ന് നിര്‍മ്മിക്കുന്ന കളിക്കോപ്പുകളില്‍ ഇല്ലെന്നും ഡോ. ആന്‍ഡ്രൂ ടര്‍ണര്‍ പറയുന്നുണ്ട്

ഡോ. ആന്‍ഡ്രൂ ടര്‍ണറും സംഘവും ഈ വിഷയത്തില്‍ വിശദമായ ഗവേഷണം നടത്തിയത് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി(Environmental Science and Technology)ക്ക് വേണ്ടിയായിരുന്നു. കളിക്കോപ്പുകളില്‍ എക്‌സ്-റേ വികിരണങ്ങള്‍ കടത്തിവിട്ട് നിര്‍മ്മാണഘട്ടത്തില്‍ ഉപയോഗിച്ച പദാര്‍ത്ഥങ്ങളെ തിരിച്ചറിഞ്ഞു. കാര്‍, ട്രെയിന്‍, പസില്‍ തുടങ്ങി എല്ലാത്തിലും ഇടംപിടിച്ചിരിക്കുന്നത് മാരകമായ ഘടകങ്ങള്‍. കളിപ്പാട്ടം വായില്‍വെക്കുന്ന കുഞ്ഞിന്റെ വയറിനുള്ളിലേക്കാണ് ഇവ എത്തിച്ചേരുന്നത്. ആന്റിമണി(antimony), ബ്രോമിന്‍(bromine), കാഡ്മിയം(cadmium), ലെഡ്(lead), സെലനിയം(selenium). ഒട്ടുമിക്ക കളിക്കോപ്പുകളിലും വന്‍തോതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ പേരുകളാണിവ. അധികസമയം കളിപ്പാട്ടം കയ്യില്‍ വെക്കുന്നതും അറിയാതൊന്ന് വായില്‍വെക്കുന്നതും ഒരേ അനന്തരഫലം സൃഷ്ടിക്കുമെന്ന് പഠനം.

ചുവപ്പ്, മഞ്ഞ, കറുപ്പ് നിറങ്ങളിലുള്ള കളിസാധനങ്ങളാണ് ഏറ്റവും മാരകം. 26 വസ്തുക്കളില്‍ നടത്തിയ വിശദമായ പഠനത്തിലും ഫലം ഞെട്ടിക്കുന്നതായിരുന്നു. ടോയ് സേഫ്റ്റി ഡയറക്ടീവ്(toy safety directive) എന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ നിര്‍മ്മിതിയില്‍ പാലിച്ചിട്ടില്ല എന്ന് മാത്രമല്ല, ബ്രോമിന്‍ ഉള്‍പ്പെടെ രാസവസ്തുക്കളുടെ സാന്നിധ്യം വന്‍തോതില്‍ ഇവയില്‍ കാണപ്പെടുകയും ചെയ്തു.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, രണ്ടാംതരം കളിപ്പാട്ടങ്ങള്‍ വിപണിയിലെത്താനോ അവ ഉപയോഗിക്കാനോ അനുവദിക്കാത്ത സാഹചര്യത്തില്‍ പഴയ കളിസാധനങ്ങള്‍ ഉപയോഗിക്കാന്‍ മക്കളെ പ്രോത്സാഹിപ്പിക്കരുതെന്നും ഡോ. ആന്‍ഡ്രൂ ടര്‍ണര്‍ പറയുന്നു. ഇന്റര്‍നെറ്റ് വ്യാപാരം സജീവമായ ഇക്കാലത്ത്, ഓണ്‍ലൈന്‍ വിപണിയില്‍ ലഭിക്കുന്നതായ കളിപ്പാട്ടങ്ങളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഉപയോഗ യോഗ്യമല്ലാത്തതാണ്.

കുട്ടികളുടെ കൈയില്‍ പഴയ കളിക്കോപ്പുകള്‍ വെച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ അവയുടെ പഴക്കവും തകരാറുകളും അറിഞ്ഞിരിക്കണമെന്നാണ് ചാര്‍ട്ടേഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്‍ക് ഗാര്‍ഡിനര്‍ ഓര്‍മ്മിപ്പിക്കുന്നത്. രണ്ടാംതരം കളിപ്പാട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പിക്കാനാകില്ല. ഇത്തരം വസ്തുക്കള്‍ വാങ്ങുന്നത് ഒഴവാക്കിയാല്‍ തന്നെ വിപണിയില്‍ ഇവയ്ക്കുള്ള സാധ്യതകള്‍ മങ്ങും. വിപണിയും ഇവയെ ഒഴിവാക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

 

ഡികെ

 

comments


 

Other news in this section