Monday, October 22, 2018

ഇന്റ്റര്‍നെറ്റ് തട്ടിപ്പുകള്‍ അയര്‍ലണ്ടില്‍ വര്‍ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് സൈബര്‍ വിദഗ്ദര്‍

Updated on 03-12-2017 at 8:49 am

ഇന്റര്‍നെറ്റിന്റെ ഉപയോഗം പെരുകുന്നതോടൊപ്പം നെറ്റ് വഴിയുള്ള വഞ്ചനയും അയര്‍ലണ്ടില്‍ പെരുകുകയാണ്. ഇന്റര്‍നെറ്റിലൂടെ ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണാപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പെരുകുന്നത്. വിപുലമായ സുരക്ഷാസംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അയര്‍ലണ്ടില്‍ ആകമാനം സൈബര്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇന്റര്‍നെറ്റിലൂടെ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പുകള്‍ രണ്ടു വര്‍ഷം കൊണ്ട് നിലവില്‍ ഊള്ളതിനേക്കാള്‍ അനേകം ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ കുറെ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഓരോ ക്രിമിനല്‍ സംഘങ്ങളും ലക്ഷക്കണക്കിന് യൂറോ സമ്പാദിച്ചതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇന്റര്‍നെറ്റ് മേഖലയില്‍ സൈബര്‍ കുറ്റ കൃത്യങ്ങളുടെ എണ്ണം പെട്ടെന്നു പെരുകുന്നതായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നു കമ്മീഷനും വ്യക്തമാക്കുന്നു. അതിര്‍ത്തി കടന്നാണ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ വരുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ മയക്കുമരുന്ന് കടത്തിനേക്കാള്‍ കൂടുതല്‍ ഗുരുതരമാണെന്നും വ്യക്തിപരമായ ലാഭത്തിനു വേണ്ടി ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിക്കുകയാണെന്നും സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണങ്ങളും വ്യക്തിപരമായതും ബിസിനസിന്റെയും സംരക്ഷണത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ‘സൈബര്‍ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞിട്ടില്ല എന്നതാണ് പ്രശ്‌നം. ഒരുപാട് കമ്പനികള്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ അവരുടെ ജീവനക്കാര്‍ക്ക് അതിനെപ്പറ്റിയുള്ള വിദ്യാഭ്യാസം നല്‍കുന്നില്ല. കാരണം അവര്‍ ആ പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല- സൈബര്‍ സുരക്ഷാ വിദഗ്ദ്ധന്‍ ഡോണല്‍ ഓ’മാഹൊനി വ്യക്തമാക്കി.

സൈബര്‍ സുരക്ഷാ സംബന്ധിച്ച് അയര്‍ലണ്ട് വളരെ അപകടകാരമായ നിലയിലാണ്. പല ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ശരിയായ സുരക്ഷാ നടപടികള്‍ എടുക്കുകയോ ചെയ്യുന്നില്ല, അതിനാല്‍ ആക്രമണത്തിന് എളുപ്പമാണ്. ഫയലുകള്‍, പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി തിരയുന്ന റാന്‍ഡം ആക്രമണങ്ങളാണ് ഫിഷിംഗ് സ്‌കാമുകള്‍, ഇത്തരം സെന്‍സിറ്റീവ് വിവരങ്ങള്‍ കൈക്കലാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ‘ഹാക്കര്‍മാര്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും, നിങ്ങള്‍ ബിറ്റ്‌കോയിനിലൂടെ അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കാത്ത പക്ഷം, അത് പ്രസിദ്ധീകരിക്കാനോ ഡാര്‍ക്ക് വെബില്‍ വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ബാങ്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മുതലായവയില്‍ നിന്നുള്ള ക്ലെയിമുകള്‍, വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും തേടി നിങ്ങള്‍ക്കെത്തുന്ന ഫിഷിങ്ങ് ഇമെയിലുകള്‍ സൂക്ഷിക്കുക. ഇമെയില്‍ വഴി വ്യക്തിഗത വിവരങ്ങള്‍ അയയ്ക്കുന്നതിന് ബാങ്കുകളോ, റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റോ ശുപാര്ശ ചെയ്യുന്നില്ല. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പരോ എടിഎം പാസ്വേഡോ മറ്റേതെങ്കിലും വിവരമോ ബാങ്കുകള്‍ ഫോണിലൂടെ അന്വേഷിക്കാറില്ല. ബാങ്കിലെ സാങ്കേതികവിഭാഗത്തില്‍നിന്നാണെന്നു പറഞ്ഞുപോലും തട്ടിപ്പിനു ശ്രമിച്ചേക്കാം. സ്വന്തം ധനകാര്യ ഇടപാടുകളുടെ വിവരങ്ങള്‍ ഫോണുകളിലൂടെയോ ഇ-മെയിലുകളിലൂടെയോ പങ്കുവയ്ക്കാതിരിക്കുന്നതാണു സുരക്ഷിതം.

My Enquiries എന്നറിയപ്പെടുന്ന റെവന്യൂസിന്റെ സുരക്ഷിത ഓണ്‍ലൈന്‍ അന്വേഷണ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് റെവന്യൂ ഡിപ്പാര്‍ട്‌മെന്റുമായി സുരക്ഷിതമായി ബന്ധപ്പെടാവുന്നതാണ്. പുതിയ ഉപയോക്താക്കള്‍ക്ക് My Enquiries നായി https://www.revenue.ie/en/Home.aspx എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരില്‍ നിങ്ങള്‍ക്ക് വരുന്ന ഇമെയിലുകളില്‍ സംശയം തോന്നുകയാണെങ്കില്‍ അവ ഡിലീറ്റ് ചെയ്യാവുന്നതാണ്. വ്യക്തിവിവരങ്ങള്‍ ചോദിച്ചു വരുന്ന ഇമെയിലുകളില്‍ സംശയം തോന്നിയാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായോ ബാങ്ക് അധികൃതരുമായോ ബന്ധപ്പെടുക. ടാക്‌സ് റീഫണ്ടിനായി കാത്തിരിക്കുന്നവര്‍ പ്രാദേശിക റവന്യൂ ഓഫീസുമായി ബന്ധപ്പെടണം.നികുതിയിളവ് ആവശ്യപ്പെടുന്ന ഒരു ഇ-മെയില്‍ ലഭിയ്ക്കുന്നവര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ഞങ്ങളുടെ കലക്ടര്‍ ജനറല്‍ ഡിവിഷന്‍ (1890 20 30 70) ബന്ധപ്പെടുക.

 

 

എ എം

 

 

comments


 

Other news in this section