Saturday, August 17, 2019

ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.

Updated on 18-04-2019 at 10:45 am

കൊച്ചി: അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. യേശുക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് പെസഹ ആചരണം. പെസഹ ആചരണത്തോടനുബന്ധിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകഴല്‍ ശുശ്രൂഷകള്‍ നടക്കുന്നു. വിനയത്തിന്റെ മാതൃക കാണിച്ച് യേശുക്രിസ്തു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായാണ് ദേവാലയങ്ങളിലെ കാല്‍ കഴുകല്‍ ശുശ്രൂഷകള്‍. വൈകിട്ടാണ് അന്ത്യ അത്താഴത്തെ ഓര്‍മ്മിപ്പിച്ച് വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിയ്ക്കുന്നത്.

അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന ശുശ്രൂഷകള്‍ ദേവാലയങ്ങളില്‍ നടക്കും. ദേവാലയങ്ങളില്‍ പുലര്‍ച്ചെ കുര്‍ബാന, പകല്‍ യാമപ്രാര്‍ഥനകള്‍ എന്നിവയ്ക്ക് ശേഷം വൈകുന്നേരം 12 വൈദികരുടെ പാദങ്ങള്‍ മെത്രാന്‍ കഴുകി ചുംബിക്കുന്ന കാലുകഴുകല്‍ ശുശ്രൂഷയ ഉണ്ടായിരിക്കും. അന്ത്യ അത്താഴവേളയെയും വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെയും അനുസ്മരിക്കുന്ന വായനകളും പ്രഘോഷണവും നടത്തും. അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്ക് നല്‍കിയത്. ഇതിനെ അനുസ്മരിച്ച് വൈകുന്നേരം ഭവനങ്ങളില്‍ പ്രത്യേകം അപ്പം പുഴുങ്ങി പാല്‍ തയാറാക്കി വിശ്വാസികള്‍ അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും.

ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വച്ചാണ് അപ്പം പുഴുങ്ങുന്നത്. തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചേര്‍ത്തുണ്ടാക്കുണ്ടാക്കുന്ന പാല്‍ കുരുത്തോല മുറിച്ചിട്ടാണ് തിളപ്പിക്കുന്നത്. ഒറ്റിക്കൊടുക്കലിനെയും പീഡാനുഭവങ്ങളെയും അനുസ്മരിക്കുന്ന തിരുവചന ഭാഗങ്ങള്‍ വായിച്ചശേഷം ഭവനങ്ങളിലെ മുതിര്‍ന്നയാളാണ് അപ്പം മുറിച്ച് പ്രായക്രമത്തില്‍ നല്‍കുക. പിറ്റേന്ന് ദേവാലയങ്ങളില്‍ ദുഖവെള്ളിയാഴ്ച പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ നടക്കും.

ക്രിസ്തുവിന്റെ തിരുവത്താഴത്തെ അനുസ്മരിച്ചു കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷയാണു പെസഹാ ശുശ്രൂഷ. ഉയിര്‍പ്പു ഞായറാഴ്ചയ്ക്കു മുമ്പ് നാല്പതു ദിവസം നീണ്ടു നില്ക്കുന്ന നോമ്പിന്റെ അവസാന ദിവസങ്ങളാണ് പെസഹാ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ. ഇതില്‍ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളാണ് തിരുവത്താഴത്തെ അനുസ്മരിച്ചുള്ളത്.

ഉയിര്‍പ്പുതിരുനാള്‍കാലത്തെ ആദ്യ ദിവസമായ വ്യാഴാഴ്ച പല പേരുകളിലും അറിയപ്പെടുന്നു. പെസഹാ വ്യാഴാഴ്ചയെന്നാണ് ഈ ദിവസം പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ ഈ ദിവസത്തെ ഉയിര്‍പ്പിനു തൊട്ടു മുമ്പുള്ള വ്യാഴാഴ്ച എന്നു വിളിക്കുന്നു. വലിയ വ്യാഴാഴ്ച എന്നും ഈ ദിനം അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഈ ദിവസത്തെ മോണ്ടി തെര്‍സ്ഡേ (Maundy Thursday) എന്നു പറയുന്നു. ക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഒരു പുതിയ ഉടമ്പടി -”ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്ന ഉടമ്പടി-നല്കിയതിനാലാണ് അതിന്റെ അനുസ്മരണ ദിനത്തിന് മോണ്ടി തെര്‍സ്ഡേ എന്ന പേര്‍ ലഭിച്ചത്. ജര്‍മനിയില്‍ ഈ ദിവസത്തെ ഗ്രീന്‍ തെഴ്സ്ഡേ (Green Thursday) എന്നു വിളിക്കുന്നു. ഷീര്‍ തെഴ്സ്ഡേ (Sheer Thursday) എന്ന പേരും ഈ ദിവസത്തിനുണ്ട്.

വിശുദ്ധ കുര്‍ബാന സ്ഥാപിച്ച വ്യാഴാഴ്ച തന്നെ അതിന്റെ അനുസ്മരണ നിലനിര്‍ത്തുവാന്‍ ഇതിനോടനുബന്ധിച്ചുള്ള പ്രത്യേകം ശുശ്രൂഷാ കര്‍മങ്ങള്‍ വേണമെന്നുള്ള ചിന്താഗതി വളര്‍ന്നപ്പോഴാണ് വിശുദ്ധ വ്യാഴാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിച്ചത്. ആദ്യ കാലങ്ങളില്‍ സ്ഥലത്തെ ബിഷപ്പും ജനങ്ങളും ഒന്നു ചേര്‍ന്ന് ഈ ദിനം ആചരിച്ചിരുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ ക്രൈസ്തവ സഭയില്‍ സാധാരണ പുരോഹിതര്‍ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ബിഷപ്പുമാരും ഡീക്കന്മാരും ആയിരുന്നു ഇക്കാലത്തെ സഭാപ്രമാണികള്‍. എ.ഡി.നാലാം നൂറ്റാണ്ടില്‍ ഈ ദിവസം അന്ത്യ അത്താഴത്തിന്റേതായ വ്യാഴാഴ്ച എന്നറിയപ്പെട്ടിരുന്നു. ദിവ്യകുര്‍ബാന സ്ഥാപിച്ച വ്യഴാഴ്ച വൈകുന്നേരം തന്നെ ഇതിനുവേണ്ടിയുള്ള അനുസ്മരണചടങ്ങുകള്‍ ആരംഭിച്ചത് ജെറുസലേമില്‍ ആണെന്നു വിശ്വസിക്കുന്നു.

കാല്‍ കഴുകല്‍ ശുശ്രൂഷ പുരോഹിതര്‍ മാത്രമല്ല, മറ്റു പല പ്രശസ്ത വ്യക്തികളും നടത്തിയിരുന്നു. എ.ഡി. 15-ാം ശ.വരെ ഇംഗ്ലണ്ടിലെ രാജാക്കന്മാര്‍ കാരുണ്യത്തിന്റെ അടയാളമായി പന്ത്രണ്ട് ദരിദ്രരുടെ പാദങ്ങള്‍ ഈ ദിവസം കഴുകിയിരുന്നു. പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനം നിലവില്‍ വന്നതോടു കൂടി ഈ പതിവ് ഇംഗ്ലണ്ടില്‍ അവസാനിച്ചു. എന്നാല്‍ പണ്ടത്തെ ഓര്‍മയെ അനുസ്മരിക്കുന്നതിനു വേണ്ടി ലണ്ടനിലുള്ള ഒരു പ്രത്യേക ദേവാലയത്തില്‍ വ്യാഴാഴ്ച ദിനം ബ്രിട്ടിഷ് രാജകുടുംബക്കാര്‍ സാധുക്കള്‍ക്ക് പ്രത്യേകതരം ദാനങ്ങള്‍ നല്കുന്ന പതിവ് ഇന്നും ഉണ്ട്.

comments


 

Other news in this section