Friday, April 26, 2019

ഇന്ന് ഗാന്ധിജയന്തി, അഹിംസാദിനം ആചരിച്ച് ലോകം; രാഷ്ട്രപിതാവിനെ സ്മരിച്ച് ഭാരതീയര്‍

Updated on 02-10-2018 at 8:22 am

‘ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി…’അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ സോഷ്യല്‍മീഡിയയും നെറ്റുമില്ലാത്ത, കാലത്ത് ചെറു നാട്ടുരാജ്യങ്ങളെ ഒരൊറ്റ വികാരമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിന്റെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. ബാപ്പുജിയുടെ1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്.

കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ 2-നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സത്യഗ്രഹമെന്ന സമരമാര്‍ഗത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കിയ ഗാന്ധി തന്റെ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃക കാണിച്ചു. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ പച്ചയായ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതു വഴി അദ്ദേഹം സത്യസന്ധതയുടെ പ്രാധാന്യം വിളിച്ചോതി.

ലണ്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമം പഠിച്ച ഗാന്ധിജി അവിടെ വെച്ച് സസ്യാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും ‘വെജിറ്റേറിയന്‍ ക്ലബി’ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. നിയമ പഠനത്തിന് ശേഷം മുംബൈയിലെ കോടതിയില്‍ വക്കീലായി അരങ്ങേറിയെങ്കിലും ആദ്യ കേസില്‍ ഹാജരായപ്പോള്‍ തന്നെ ശരീരം വിറച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാതെ ജോലി അവസാനിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തത്. പിന്നീട് മൂത്ത ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിന് വഴങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

വര്‍ണ വിവേചനം കൊടികുത്തി വാണിരുന്ന ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരും വിവേചനത്തിന്റെ ഇരകളായിരുന്നു. വെള്ളക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ഗാന്ധിജിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്ത അദ്ദേഹം, വെള്ളക്കാരന് സീറ്റ് ഒഴിഞ്ഞു നല്‍കിയില്ല എന്ന കാരണത്താല്‍ വീണ്ടും മര്‍ദ്ദനമേറ്റുവാങ്ങി. ഈ സംഭവത്തോടെയാണ് ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ ഗാന്ധിജി മുന്നിട്ടിറങ്ങിയത്.

1915-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധിജി ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അഹിംസയുടെ മാര്‍ഗത്തില്‍ ശക്തമായ സമരങ്ങള്‍ ആരംഭിച്ചു. നിസ്സഹകരണ സമരം, നിയമലംഘനസമരം, ക്വിറ്റ് ഇന്ത്യ സമരം എന്നീ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിജിയെ രാഷ്ട്ര പിതാവ് എന്ന് ആദ്യമായി വിളിച്ചത് ആരാണെന്ന കാര്യത്തില്‍ ഇന്നും വ്യക്തത ഇല്ല. സുഭാഷ് ചന്ദ്ര ബോസ് ആണ് ഇതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.

ദില്ലിയിലെ ബിര്‍ള മന്ദിരത്തില്‍ 1948 ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് 05:17-ന് നാഥുറാം വിനായക് ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ഗാന്ധിജി മരണമടഞ്ഞപ്പോള്‍ ‘നമ്മുടെ ജീവിതത്തില്‍ നിന്നും വെളിച്ചം പൊലിഞ്ഞു പോയി’ എന്ന് നെഹ്റു പറഞ്ഞത് ഒട്ടും അതിശയോക്തി ആയിരുന്നില്ല. ഇതുപോലൊരു മനുഷ്യന്‍ ഭൂമിയില്‍ മജ്ജയും മാസവുമോടെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഭാവി തലമുറകള്‍ വിശ്വസിച്ചെന്നു വരില്ല എന്നാണ് ഐന്‍സ്റ്റില്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ലോകത്തിന് മുന്നില്‍ ഗാന്ധി ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതേ ആ ജീവിതം തന്നെയാണ് അദ്ദേഹത്തിന് നല്‍കാനുള്ള സന്ദേശവും.

ഗാന്ധിജിയെക്കുറിച്ച് വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ പോരാ. ഓരോ ഇന്ത്യക്കാരനും അറിവു വെയ്ക്കുന്ന കാലം മുതല്‍ ഗാന്ധിജി എന്ന വാക്കും വ്യക്തിയെയും മനസ്സിലാക്കുന്നു. ഇന്ത്യയുടെ ജീവവായുവില്‍ ബാപ്പുജിയുടെ പേരുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കീഴില്‍ ലഭിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ ബാപ്പുജിയുടെ മഹത്വം നാം തിരിച്ചറിയുന്നു. അഹിംസയുടെ, നന്മയുടെ വെളിച്ചം വീശിയ ബാപ്പുജി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര ദിനത്തിനായി പോരാടി. അദ്ദേഹത്തിനെ ഈ ജന്മദിന വേളയില്‍ പ്രണാമം അര്‍പ്പിക്കാം.

രണ്ട് വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 2 മുതല്‍ 2020 ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷപരിപാടികളാണ് 150 ആമത് ജന്മവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ദേശീയ സമിതിയാണ് ആഘോഷപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കമ്മിറ്റിയില്‍ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ മറ്റ് പ്രമുഖര്‍ എന്നിവരും അംഗങ്ങളായി നിലവില്‍ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ശുചീകരണ പരിപാടിയായ സ്വച്ഛതാ ഹി സേവ ഇന്ന് അവസാനിക്കും. രാജ്യത്തെ ആഘോഷങ്ങള്‍ക്ക് പുറമെ അയര്‍ലണ്ടില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 150 ആമത് ജന്‍മവാര്‍ഷികത്തില്‍ പ്രത്യേക ലോഗോയും വെബ്‌സൈറ്റും നേരത്തെ പുറത്ത് ഇറക്കിയിരുന്നു.

 

 

 

 

 

 

 

എ എം

comments


 

Other news in this section