Monday, June 17, 2019

ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രെയ്ക്കുമായി കേന്ദ്രസര്‍ക്കാര്‍

Updated on 05-01-2018 at 11:26 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിടാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടം കേറി പാപ്പരാവുന്നത് തടയാനും, ബാങ്കിങ് മേഖലയില്‍ സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടാനും പുതിയൊരു സാമ്പത്തിക പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നത്. ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ 2017 അഥവാ FRDI ബില്‍ പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം ആക്കാനാണ് ഉദ്ദേശിക്കുന്നത്.

ബാങ്കുകള്‍ കിട്ടാക്കടം കയറി പൊളിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ഈ ബില്ലില്‍ Bail in എന്ന പരിപാടിയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഒരു ബാങ്കില്‍ നിന്ന് കുറെ പേര്‍ ലോണെടുത്ത് അത് തിരിച്ചടക്കുന്നില്ല എന്ന് വെയ്ക്കുക; ബാങ്കിന് ഈ നിയമപ്രകാരം ഫിനാസ് റെസല്യൂഷന്‍ അതോറിറ്റി മുഖാന്തിരം എല്ലാവിധ അതികാരങ്ങളോടുംകൂടി നിക്ഷേപകരുടെ നിക്ഷേപം പിടിച്ചുവെയ്ക്കുകയോ, ഓഹരികളോ കുറഞ്ഞ നിരക്കിലുള്ള സ്ഥിര നിക്ഷേപങ്ങളോ ആക്കി മാറ്റുകയും ചെയ്യാം. അതായത് നിങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ കിടക്കുന്നുണ്ടെങ്കില്‍ കിട്ടാക്കടം മൂലമുള്ള നഷ്ടം നികത്താനായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നുള്ള 15 ലക്ഷവും അല്ലെങ്കില്‍ അതില്‍ കുറഞ്ഞ തുകയോ ഓഹരിയോ സ്ഥിര നിക്ഷേപമോ ആക്കി മാറ്റം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിക്ഷേപിക്കുന്ന തുക ആവശ്യം വന്നാല്‍ ബാങ്കിന് ഫിക്‌സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റുകയും ചെയ്യാം. ഈ ബില്‍ പാസായാല്‍ നിക്ഷേപകന് നിയമപരമായി ഇതിനെ നേരിടാന്‍ കഴിയുകയുമില്ല.

2008 -ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് ഇങ്ങനെ ഒരു ബില്ലിനെ കുറിച്ച് ലോകരാജ്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയത്. മാന്ദ്യകാലത്ത് അമേരിക്കന്‍ ബാങ്കുകള്‍ ഒന്നൊന്നായി തകര്‍ച്ച നേരിട്ടപ്പോള്‍ ബാങ്കിങ് മേഖലയില്‍ പുതിയൊരു അഴിച്ചുപണി കൊണ്ടുവരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അവിടെ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്. അതായത് ബാങ്കിന്റെ പരാജയത്തിന് നിക്ഷേപകരെ കൂടി ഉത്തരവാദികളാക്കുക എന്നതാണ് ഈ ബില്ലിന്റെ മറ്റൊരു വശം.

ആദ്യം അമേരിക്കന്‍ ഗവണ്മെന്റും പിന്നീട് ജി7 രാജ്യങ്ങളും ഇത് നടപ്പില്‍ വരുത്തുകയാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഇതിനു ഒരു കരട് ബില്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജി20 രാജ്യങ്ങള്‍ക്ക് കൂടി ഇത് ബാധകമാക്കുകയും, അങ്ങനെ ഇന്ത്യന്‍ ഗവണ്മെന്റും ഇത് നടപ്പാക്കാന്‍ ബാധ്യതപ്പെടുകയും ചെയ്തു. കൂടുതല്‍ സ്വകാര്യ ബാങ്കുകളുള്ള അമേരിക്കപോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ അതൊരുപക്ഷേ അനുയോജ്യമായേക്കാം. എന്നാല്‍ 70 ശതമാനത്തിലധികം പൊതുമേഖലാ ബാങ്കുകളുടെ പങ്കാളിത്തമുള്ള ഇന്ത്യയില്‍ ആളുകള്‍ നിക്ഷേപം എന്നതിലുപരി സമ്പാദ്യമായി, നീക്കിയിരുപ്പായി ബാങ്ക് അക്കൗണ്ടുകളെ കാണുന്ന സാഹചര്യത്തില്‍ ഈ ബില്ലിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വലിയ ബാങ്ക് തകര്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ലാത്ത റിസര്‍വ് ബാങ്ക് പോലെ ശക്തമായ നിയന്ത്രണ സംവിധാനമുള്ള ഇന്ത്യന്‍ സാമ്പത്തവ്യവസ്ഥയില്‍ ഈ നിയമം ബാങ്കിങ് മേഖലയുടെ മാത്രമല്ല മൊത്തം സമ്പദ്വ്യവസ്ഥയുടെ തന്നെ മറ്റൊരു തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെ ഉള്ള സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമ്പാദ്യം നഷ്ടമാവുന്ന അവസ്ഥ വന്നാല്‍ ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും എന്നുമാത്രമല്ല ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാത്ത വമ്പന്മാര്‍ക്കും ഇത് രക്ഷപ്പെടാനുള്ള പഴുതായി മാറും. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികള്‍ മുക്കിയ വിജയമല്യയെ പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് തണലേകുന്ന നടപടിയാണ് ഇത് എന്ന് സാമ്പത്തിക രംഗത്തുനിന്നുതന്നെ വന്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഈ നിയമപ്രകാരം രൂപീകരിക്കപ്പെടുന്ന ഫിനാസ് റെസല്യൂഷന്‍ അതോറിറ്റി ബാങ്കുകളെ സകലകാര്യങ്ങളിലും നിയന്ത്രിക്കുന്ന ഒരു രീതിയും വന്നുചേരും. ബാങ്കിങ് കാര്യങ്ങളില്‍ പരമാധികാര സ്ഥാപനമായി ഇത് മാറും. ഫിനാന്‍സ് മിനിസ്ട്രിയുടെ കീഴില്‍ വരുന്ന ഈ അതോറിറ്റിയില്‍ റിസര്‍വ് ബാങ്കിന് പോലും ഒരു പ്രതിനിധി മാത്രമേ ഉണ്ടാവു. ചുരുക്കത്തില്‍ ബാങ്കുകളെ മുഴുവന്‍ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിന് മുകളില്‍ രൂപപ്പെടുന്ന ഒരു അതോറിറ്റി ആയി ഇത് മാറും. വന്‍ പ്രതിഷേധമാണ് ഈ ബില്ലിനെതിരെ ഉയരുന്നത്.

 

 

ഡികെ

 

comments


 

Other news in this section