Monday, June 24, 2019
Latest News
യു.എസ്സിന് വേണ്ടി ചാരപ്പണി; ഇറാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെ വധിച്ചു    പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന    ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം: യു.എസ് റിപ്പോര്‍ട്ട്; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം…    രണ്ടാം ലോകമഹായുദ്ധത്തിലെ ‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ: ഉടന്‍ വിളിക്കണമെന്ന് ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി    ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ   

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെക്സിറ്റ് ഗുണകരമാകാന്‍ സാധ്യത

Updated on 11-01-2019 at 10:04 am

പല വിധത്തിലുള്ള ആശങ്കകളും പരാതികളും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സമ്മാനിച്ചെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷിക്കാനുള്ള വകയുമായാണ് ബ്രെക്സിറ്റ് എത്തുന്നത്. ബ്രെക്സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി ജനസംഖ്യ ഏറ്റവുമധികമുള്ള ഇന്ത്യയും ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ചൈനയും വിവിധ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ സജീവ പ്രതീക്ഷയാണെന്ന് സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും റസല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സര്‍ ആന്റണ്‍ മസ്‌കറ്റെല്ലി വ്യക്തമാക്കുന്നു. കിംഗ്സ് കോളെജ്, ഇംപീരിയല്‍ കോളെജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവ ഉള്‍പ്പടെ 24 പൊതു ഗവേഷണ സര്‍വകലാശാലകളെയാണ് റസല്‍ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നത്.

‘വരുമാനത്തില്‍ പെട്ടന്നുണ്ടാകുന്ന ഇടിവിനോട് പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന നിലയിലാണ് മിക്ക സര്‍വകലാശാലകളും ഈ രീതി പിന്തുടരാന്‍ ശ്രമിക്കുക,’ മസ്‌കറ്റെല്ലി പറയുന്നു. ഗ്ലാസ്ഗോ സര്‍വകലാശാല തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ അനുപാതം വര്‍ധിപ്പിച്ച് ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളമാക്കിയേക്കുമെന്ന് സൂചനയുണ്ട്. സമാനമായി ലണ്ടന്‍ യൂണിവേഴ്സിറ്റിയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിച്ച് 50 ശതമാനമാക്കുകയും സ്വദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തേക്കും. നിലവില്‍ തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 12,000 പൗണ്ടിലധികം തുക ഫീ ഇനത്തില്‍ അടയ്ക്കുന്നുണ്ട്. അവരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ നയം, തദ്ദേശീയരായ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീ 9,250 പൗണ്ടില്‍ നിന്നും 6,500 പൗണ്ടായി കുറയ്ക്കാനും ഉതകിയേക്കും. വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ആദായകരമാവുമെന്ന് സാരം.

ബ്രിട്ടണിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ഷങ്ങളോളം ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ചുരുങ്ങുന്ന പ്രവണതയായിരുന്നു ദൃശ്യമായിരുന്നത്. 2013 നും 2017 നും ഇടയില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 26 ശതമാനം ഇടിഞ്ഞു. പഠനാനന്തര വിസ റദ്ദാക്കിയതായിരുന്നു ഇതിനുള്ള കാരണം. നിലവില്‍, യുകെയിലേക്ക് വിദ്യാര്‍ത്ഥികളെ അയയ്ക്കുന്ന കാര്യത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രത്യേക മുന്‍ഗണന ലഭിക്കില്ല. ”രാജ്യത്തേക്കുള്ള സ്വതന്ത്രമായ സഞ്ചാരം ഞങ്ങള്‍ അവസാനിപ്പിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ ഇനി മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പൗരന്‍മാര്‍ക്കും ബാധകമായിരിക്കും,” ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് ഡിസംബര്‍ 19 ന് പറഞ്ഞ വാക്കുകളാണിത്. പകരം, ‘നൈപുണ്യാധിഷ്ഠിതമായ കുടിയേറ്റ’ സംവിധാനത്തിലേക്ക് യുകെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമങ്ങള്‍ 2021 ഓടെ പ്രാബല്യത്തില്‍ വരാനിരിക്കെ യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും നിയമിച്ചിരിക്കുന്ന തങ്ങളുടെ 50,000 ല്‍ ഏറെ ജീവനക്കാരുടെയും പ്രവേശനം നല്‍കിയിരിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികളുടെയും ഭാവിയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയിലാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍. കരാറുകളും നിബന്ധനകളുമില്ലാതെ യുകെ, യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് തങ്ങളുടെ സര്‍വകലാശാലകളെ സംബന്ധിച്ച് വലിയ ഭീഷണിയാണെന്നതില്‍ സര്‍വകലാശാലകളുടെ മേധാവികള്‍ക്കെല്ലാം ഏകാഭിപ്രായമാണെന്ന് ഈ മാസം നാലിന് 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കെഴുതിയ തുറന്ന കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

comments


 

Other news in this section