Wednesday, August 21, 2019

ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പൗരത്വ തട്ടിപ്പ്: വ്യാജ വിവാഹ റാക്കറ്റുകള്‍ വിലസുന്നു; ഇന്ത്യക്കാരനായ ഒരാള്‍ പിടിയില്‍

Updated on 17-03-2019 at 8:10 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം നേടിയെടുക്കാനായി വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ഫ്‌ലോറിഡയില്‍ താമസിക്കുന്ന രവി ബാബു(47)വിനെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്ത് പൗരത്വം നേടിയെടുക്കാനായി അമേരിക്കന്‍ പൗരന്മാരെ വിവാഹം കഴിച്ചാല്‍ മതിയാകുമെന്ന സാദ്ധ്യത ഉപയോഗിച്ചാണ് വിവാഹ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് പ്രധാനമായും വിവാഹ റാക്കറ്റിന്റെ ഗുണഭോക്താക്കളിലേറെയും.

ഫെബ്രുവരി 2017 മുതല്‍ ഓഗസ്റ്റ് 2018 വരെ രവി ബാബു വ്യാജ വിവാഹത്തിലൂടെ നിരവധി പേര്‍ക്ക് പൗരത്വം നേടിക്കൊടുത്തിരുന്നു. ഇക്കാര്യം പ്രോസിക്ക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിവാഹ റാക്കറ്റുകളുടെ സഹായത്താല്‍ അലബാമയില്‍ മാത്രം 80 പേര്‍ അമേരിക്കന്‍ പൗരത്വം നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ രവി ബാബുവിന്റെ സഹായിയായി പ്രവര്‍ത്തിച്ച ക്രിസ്റ്റല്‍ ക്ലൗഡിന് കോടതി രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. കേസിനെ തുടര്‍ന്ന് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചുവരികയാണ്. മെയ് 22നാണ് കോടതി ശിക്ഷ വിധിക്കുന്നത്.

comments


 

Other news in this section