Wednesday, April 26, 2017

ഇത് സെല്‍ഫിയുടെ കാലം, എന്നാല്‍ തികച്ചും വ്യത്യസ്തമായ സെല്ഫിയുമായി ഐഎസ്ആര്‍ഒ

Updated on 17-02-2017 at 10:33 am

ന്യൂഡല്‍ഹി: 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ചു റിക്കാര്‍ഡ് സൃഷ്ടിച്ച ഐഎസ്ആര്‍ഒ അതിന്റെ വിസ്മയിപ്പിക്കുന്ന സെല്‍ഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എല്‍വി-37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളില്‍ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്.

ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റില്‍നിന്നു പകര്‍ത്തിയ രീതിയില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 104 ഉപഗ്രഹങ്ങളില്‍ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. 96 എണ്ണം അമേരിക്കയുടേതാണ്. ഇതില്‍ 88 എണ്ണം സാന്‍ഫ്രാന്‍സിസ്‌കോയിലെ എര്‍ത്ത് ഇമേജിംഗ് കന്പനിയുടേതാണ്. നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രയേല്‍, കസാക്ക്സ്ഥാന്‍, യുഎഇ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.

ആന്ധ്രാപ്രദേശിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി സി 37 വിക്ഷേപിച്ചത്. 104 ഉപഗ്രഹങ്ങളുമായി ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 9:28നായിരുന്നു വിക്ഷേപണം. വെറും 32 മിനിറ്റ് കൊണ്ട് 104 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി സി37 ചരിത്രം രചിക്കുകയും ചെയ്തു. മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രങ്ങളും 101 വിദേശ നിര്‍മ്മിത ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി37ലൂടെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്.

ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന ശേഷം ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി37 ആദ്യം വിക്ഷേപിച്ചത്. തൊട്ടു പിന്നാലെ മറ്റ് 101 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ നാല് മുതല്‍ പത്ത് സെക്കന്‍ഡ് വരെയുള്ള ഇടവേളയിലായിരുന്നു വിക്ഷേപണം.

പിഎസ്എല്‍വി സി37ല്‍ ഘടിപ്പിച്ച ഹൈ റെസലൂഷന്‍ ക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.


എ എം

comments


 

Other news in this section