Friday, May 25, 2018

ഇടിമിന്നലും പൊടിക്കാറ്റും; കടുത്ത ഭീതിയില്‍ ഉത്തരേന്ത്യ: ഓറഞ്ച് വാണിങ് നല്‍കി

Updated on 14-05-2018 at 4:43 am

ന്യൂഡല്‍ഹി:രാജ്യത്തുടനീളം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 40 കടന്നു. ഉത്തര്‍പ്രദേശില്‍ 18 പേരും ആന്ധ്രാപ്രദേശില്‍ എട്ടും തെലങ്കാനയില്‍ മൂന്നും ബംഗാളില്‍ ഒമ്പതും ഡല്‍ഹിയില്‍ അഞ്ചും പേരാണ് ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചയുമായി മരിച്ചത്. മരണ സംഖ്യ വര്‍ധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള കാലാവസ്ഥയ്ക്കാണ് ഈ വിഭാഗത്തിലുള്ള മുന്നറിയിപ്പു നല്‍കുന്നത്. മുന്നിറിയിപ്പു മേഖലകളിലുള്ളവര്‍ അടിയന്തര സാഹചര്യം നേരിടാന്‍ എപ്പോഴും സജ്ജരായിക്കണമെന്നതാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമാക്കുന്നത്.

അതിശക്തമായ പൊടിക്കാറ്റിലും മഴയിലും ഡല്‍ഹിയില്‍ നഗരജീവിതം സ്തംഭിച്ചു. 70 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിനൊപ്പം മഴയും പെയ്തത് വ്യോമ, റോഡ്, മെട്രോ ഗതാഗതം തടസ്സപ്പെടുത്തി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തേണ്ട 70 വിമാനങ്ങള്‍ തിരിച്ചുവിട്ടു.

കനത്ത മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളമാണ് മുടങ്ങിയത്. വിവിധ വിമാനത്താവളങ്ങള്‍ പൊടിക്കാറ്റിന്റെ പരിധിയില്‍പ്പെട്ടതോടെ വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തു. ദില്ലിയില്‍ വീണ്ടും ശക്തമായ മഴയും ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുന്‍പ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ദില്ലി മെട്രോ സര്‍വീസുകളും ചൊവ്വാഴ്ച കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും എന്നാണ് അറിയിപ്പ്.

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയിലും ദെഹ്‌റാദൂണിലും ഇറക്കാനായില്ല. രാത്രി ഒന്‍പതോടെ ലഖ്‌നൗവിലാണ് വിമാനം ഇറക്കിയത്.

ഡികെ

comments


 

Other news in this section