Tuesday, March 26, 2019

ആശുപത്രി ദുരിതം ഏറ്റവുമധികം ബാധിച്ച വര്‍ഷമാണ് കടന്നുപോയതെന്ന് INMO; കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2019 ല്‍ പരിധിവിടുമെന്ന് മുന്നറിയിപ്പ്

Updated on 03-01-2019 at 8:10 am

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് INMO പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രി വാര്‍ഡുകളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലുമായി 108,227 രോഗികളാണ് കിടയ്ക്കയ്ക്കായി കാത്തിരുന്നത്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുക വരെയുണ്ടായി. 2017 നേക്കാള്‍ 9 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുന്നതും അയര്‍ലണ്ടില്‍ ആദ്യമായാണ്. ഐ എന്‍ എം ഒ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ കാണപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലീലാണ് കഴിഞ്ഞ വര്‍ഷം ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലാതെ ഏറെ ദുരിതം വിതച്ചത്. പല സന്ദര്‍ഭങ്ങളിലായി ഏകദേശം 11,000 രോഗികള്‍ക്ക് ഇവിടെ കിടക്കകള്‍ ലഭ്യമാകാതെ വന്നു. ആശുപത്രി തിരക്കും, കിടക്കകള്‍ ലഭ്യമാകാത്ത അവസ്ഥയും ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച 2018 അവസാനിച്ച് 2019 ലേക്ക് കടക്കുമ്പോഴും ദുരിതങ്ങള്‍ക്ക് ശമനം വന്നിട്ടില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആശുപത്രി തിരക്ക് പരിധി കടക്കുമെന്ന് INMO വ്യക്തമാക്കിക്കഴിഞ്ഞു. ആരോഗ്യമേഖലയുടെ ശേഷി വര്‍ധിപ്പിക്കുക എന്ന പരിഹാരമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് കൂടുതല്‍ കിടക്കകള്‍, കൂടുതല്‍ നേഴ്‌സുമാരും മിഡൈ്വഫുമാരും കൂടുതല്‍ നിക്ഷേപം തുടങ്ങിയവ ഈ വര്‍ഷം ഉണ്ടാകണം. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതോടൊപ്പം നേഴ്‌സ്മാരുടെയും മിഡൈ്വഫുമാരുടെയും അഭാവവും ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ക്രമാതീതമായ ഈ തിരക്ക് രോഗികളെയും ആശുപത്രി നേഴ്സുമാരെയും പ്രതികൂലമായി ബാധിക്കും എന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ആവശ്യത്തിനു നേഴ്സുമാരില്ലെന്നും ആവശ്യത്തിനു ബെഡുകള്‍ ഇല്ലെന്നതും HSE മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പല രോഗികളും കഴിയുന്നത്. കിടക്കയുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ആശുപത്രി സ്റ്റാഫുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകണം. നേഴ്സുമാരുടെ നിയമനത്തിനും അവരെ നിലനിര്‍ത്തുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നേഴ്സുമാരുടെ കാര്യം മാത്രമല്ല പ്രവര്‍ത്തിപരിചയമുള്ള നേഴ്സുമാര്‍ ഇതിലും നല്ല ജോലിക്കുവേണ്ടി രാജ്യത്തുനിന്നുതന്നെ പോകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് എന്ന് ഐഎന്‍എംഒ പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.

ആരോഗ്യ രംഗത്ത് സമഗ്രമായ അഴിച്ചു പണി ആവശ്യപ്പെട്ടുകൊണ്ട് രോഗികളും വിവിധ സന്നദ്ധ സംഘടനകളും വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന സൂചനയാണ് ഐഎന്‍എംഒ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകളില്‍ നിന്നും ലഭിക്കുന്നത്. ബഡ്ജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച തുക മാസങ്ങള്‍ പിന്നിട്ടിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ആരോഗ്യ മന്ത്രിക്കെതിരായും ജനരോക്ഷം ശക്തമാവുകയാണ്. HSE ല്‍ വ്യാപകമായ അഴിച്ചുപണി അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ ലഭിച്ചെങ്കിലും തുടര്‍നടപടികള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് രാജ്യത്തെ ആശുപത്രികളും ആരോഗ്യവിദഗ്ദരും, നേഴ്‌സുമാരും.

 

എ എം

comments


 

Other news in this section