Thursday, November 15, 2018

ആല്‍ക്കഹോള്‍ ബില്ല് അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍; സ്‌കൂളുകള്‍ക്കും, പാര്‍ക്കുകള്‍ക്കും സമീപം ആല്‍ക്കഹോള്‍ പരസ്യങ്ങള്‍ നിരോധിച്ചു

Updated on 05-11-2018 at 2:29 pm

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്ല് അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. ഡയലില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഒന്നാണ് ആല്‍ക്കഹോള്‍ ബില്ല്. 2015 ലാണ് ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ആല്‍ക്കഹോള്‍ മിനിമം വില നിശ്ചയിക്കുക, ആല്‍ക്കഹോള്‍ ഉത്പന്നങ്ങളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക, പരസ്യങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. 1000 ദിവസത്തിലധികം എടുത്താണ് ബില്ല് നിയമ നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞത്. 23 സെക്ഷനുകളിലായി നടപ്പില്‍ വരുത്തേണ്ട നിര്‍ദ്ദേശങ്ങളില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഒപ്പു വെച്ചു.

സ്‌കൂളുകള്‍ക്കും, പ്ലേ ഗ്രൗണ്ടുകള്‍ക്കും സമീപം 200 മീറ്റര്‍ പരിധിയില്‍ ആല്‍ക്കഹോള്‍ പരസ്യങ്ങള്‍ നിരോധിച്ചു. പൊതുഗതാഗത വാഹങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരസ്യം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാകരുതെന്നും മദ്യത്തെ ഒരു ഉത്പന്നത്തിലുപരി മഹത്വവല്‍ക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മദ്യപാനത്തെക്കുറിച്ചുള്ള വിപത്തുകളും ഗര്‍ഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മദ്യപാന ശീലത്തിന് തടയിടുക കൂടി ചെയ്യുന്ന എന്ന ഉദ്ദേശത്തോടെയാണ് പുതിയ ബില്‍ നടപ്പാക്കുന്നത്. മദ്യം കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നോ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നോ മറ്റോ പരസ്യം ചെയ്താല്‍ അവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. മദ്യമെന്ന ഉത്പന്നത്തിന്റെ സവിശേഷതകള്‍ മാത്രം പറയുന്ന തരത്തില്‍ മതി പരസ്യങ്ങള്‍. യാതൊരു വിധത്തിലും കുട്ടികള്‍ക്ക് ആകര്‍ഷണം തോന്നുന്നതായിരിക്കരുത്.

രാജ്യത്ത് വര്‍ധിച്ച് വരുന്ന മദ്യ ഉപയോഗം പൊതുജനങ്ങളെ മാരക രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബില്‍ പാസാക്കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തത്. 3000 ത്തിലധികം പേരാണ് 2015 ന് ശേഷം ആല്‍ക്കഹോള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ മരണമടഞ്ഞത്. ഘട്ടംഘട്ടമായി അമിത മദ്യ ഉപഭോഗം കുറയ്ക്കാനാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

 

 

 

എ എം

comments


 

Other news in this section