Monday, June 17, 2019

ആത്മീയ അനുഭവമൊരുക്കി സാവിയോ ഫെസ്റ്റ് അവസ്മരണീയമായി

Updated on 09-05-2019 at 4:05 pm

ഡബ്ലിന്‍: അള്‍ത്താര ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച 250 ല്‍ ഏറെ കുട്ടികള്‍ മാലാഖമാരേപ്പോലെ പാട്ടുപാടിയും, പ്രാര്‍ത്ഥിച്ചും, സ്തുതിച്ചും ഒത്തുചേര്‍ന്ന അനുഗ്രഹീത നിമിഷങ്ങള്‍. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാന. കുട്ടികളേയും, അധ്യാപകരേയും മാതാപിതാക്കളേയുംകൊണ്ട് നിറഞ്ഞ ദേവാലയം. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ സാവിയോ ഫെസ്റ്റ് അവിസ്മരണീയമായി.

ഡബ്ലിന്‍ സീറൊ മലബാര്‍ സഭയുടെ അഭിമാനമായ്, മാസങ്ങള്‍ നീണ്ട പരിശീലനത്തില്‍, ഭാഷയുടെ വേലിക്കെട്ടുകള്‍ മറികടന്ന് 9 കുര്‍ബാന സെന്ററുകളിലായി മുന്നോറോളം കുട്ടികള്‍ അള്‍ത്താരശുശ്രൂഷകരായി സേവനം ആരംഭിച്ചുകഴിഞ്ഞു. ദേവാലയ ശുശ്രൂഷകരുടെ മാതൃകയും പ്രചോദനവുമായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാള്‍ ദിനമായ മെയ് 6 നു ബ്ലാഞ്ചര്‍ഡ്‌സ്ടൗണിലെ ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍ നടന്ന അള്‍ത്താര ബാലകരുടെ സംഗമം യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ ജോണ്‍ ബെര്‍ക്കുമാന്‍സ്, വിശുദ്ധ മരിയ ഗൊരേത്തി തുടങ്ങിയ വിശുദ്ധരുടെ വ്യക്തിത്വം നിങ്ങളെ ആകര്‍ഷിക്കണം, അത് യേശുവിലേയ്ക്ക് വളരാന്‍ പ്രചോദനം ആകണം, ബിഷപ്പ് പറഞ്ഞു. നമ്മുടെ യുവ വൈദീകരുടെ തീഷണതനിറഞ്ഞ പ്രവര്‍ത്തനം കുട്ടികളില്‍ ദൈവവിളികള്‍ ഉണര്‍ത്തുവാന്‍ കാരണമാകട്ടെയെന്ന് ബിഷപ്പ് ആശംസിച്ചു.

അള്‍ത്താര ശുശ്രൂഷകരെ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. കുട്ടികളുടെ വിവിധങ്ങളായ പരിപാടികള്‍ അവതരിക്കപ്പെട്ടു. കുട്ടികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരേയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടന്നു. ഉച്ചഭക്ഷണത്തോടെ സാവിയോ ഫെസ്റ്റ് വിജയകരമായി സമാപിച്ചു.

ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ലിന്‍ സോണല്‍ കമ്മറ്റിയും ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍ കമ്മറ്റിയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

comments


 

Other news in this section