Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ബിജെപി നെയ്യുന്ന സ്വപ്നങ്ങള്‍

Updated on 04-09-2017 at 6:24 am

കോട്ടയം മണിമലയില്‍ ജനിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഒരിക്കലും തന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എല്‍ഡിഎഫ് സ്വാതന്ത്രനായി മത്സരിച്ചു ജയിച്ച കണ്ണന്താനം 2011-ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരിഗണ ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും മത്സരിക്കാന്‍ കൂട്ടാക്കാതെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് . അതും കേന്ദ്രത്തില്‍ ബിജെപി പ്രതിപക്ഷത്തായിരുന്ന വേളയില്‍. കണ്ണന്താനത്തിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ മന്ത്രിസഭാ പ്രവേശം.

കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാകുക വഴി മോദിയും അമിത് ഷായും ഒരു ഇരട്ട സ്വപ്നം കാണുന്നുണ്ടെന്ന് വേണം കരുതാന്‍. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന നേതാക്കള്‍ക്ക് ഒരു കടുത്ത മുന്നറിയിപ്പ് നല്‍കുക എന്നത് ഒന്ന്. രണ്ടാമത്തേത് കുറച്ചുകൂടി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു ക്രിസ്ത്യാനിയെ കേന്ദ്രമന്ത്രിയാക്കുക വഴി കൈസ്തവരുടെ പ്രീതി പിടിച്ചു പറ്റുക. അതുവഴി കേരളത്തില്‍, അതും മധ്യകേരളത്തില്‍ നിന്നും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപിക്കാരനെ പാര്‍ലമെന്റില്‍ എത്തിച്ച് ഇവിടുത്തെ ഇടതു, വലതു മുന്നണികളെ ഞെട്ടിക്കുക. വോട്ടു ചെയ്യുന്നത് മെത്രാന്മാര്‍ മാത്രമല്ലെന്ന് മോദിക്കും ഷായ്ക്കും അറിയായ്കയല്ല. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും മോശമല്ലാത്ത പിന്തുണ ലഭിക്കാന്‍ കണ്ണന്താനത്തിന്റെ മന്ത്രിപദവി ഉപകരിക്കും എന്ന നല്ല പ്രതീക്ഷയില്‍ തന്നെയാണവര്‍.

നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിലൂടെ കേരളത്തിന് ആദ്യ പ്രതിനിധിയെ ലഭിക്കുന്നത്. അപ്രതീക്ഷിതമായാണ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്നത്. പാര്‍ലമെന്റ് അംഗം പോലും അല്ലാത്ത അല്‍ഫോണ്‍സ് മന്ത്രിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഓണത്തിന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ബംഗലൂരുവില്‍ എത്തിയപ്പോഴാണ് അല്‍ഫോണ്‍സിന് മന്ത്രിസഭയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

ബിജപി കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് ചണ്ഡിഗഢ് അഡ്മിനിസ്‌ട്രേറ്ററായി നേരത്തേ പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഡല്‍ഹിയെ അടുത്തറിയാവുന്ന നേതാവുകൂടിയാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തന്‍. ഡല്‍ഹിയെ ഇളക്കി മറിച്ച ഐഎസ്എസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു കണ്ണന്താനം. ഡല്‍ഹിയിലെ അനധികൃത കെട്ടിട നിര്‍മ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥന്‍. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡല്‍ഹിയിലുണ്ട്.

ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2006ല്‍ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ കാലാവധി തികയ്ക്കുന്നതിന് മുമ്പ് രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. ‘ദേവികുളം സബ്കളക്ടര്‍,’മില്‍മ’ മാനേജിങ്ങ് ഡയറക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിറ്റി കമ്മീഷണര്‍, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1994-ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി. ഇതില്‍ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവ നേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുക്കുകയുണ്ടായി.

കോട്ടയം ജില്ലാ കളക്ടറായിരിക്കെ കോട്ടയം നഗരത്തെ സന്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ നഗരമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നഗരത്തിലെ ഓരോരുത്തരെയും അക്ഷരം പഠിപ്പിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങിയതുള്‍പ്പെടെ നടത്തിയ ധീരമായ നടപടികള്‍ ഇപ്പോഴും എല്ലാവരുടെയും ഓര്‍മയിലുണ്ട്. കാഞ്ഞിരപ്പള്ളിയുടെ എംഎല്‍എ ആയിരുന്ന സമയത്തു കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ ഒട്ടേറെ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അദ്ദേഹം മാതൃക കാട്ടി. ഡല്‍ഹി ഡെവലപ്മെന്റ് കമ്മീഷണറായിരിക്കെ കൈയേറ്റക്കാര്‍ക്കെതിരെയും അഴിമതിക്കാര്‍ക്കെതിരെയും ധീരമായ നിലപാടെടുത്തു.

നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി പാളയത്തില്‍ എത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്ക തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമാണ്.കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി സംസ്ഥാനനേതൃത്വത്തിനും ഏറ മാനങ്ങളുള്ള രാഷ്ട്രീയനേട്ടമായിരിക്കും സമ്മാനിക്കുക. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി.ജെ.പി.യിലേക്ക് അടുപ്പിക്കുകയെന്ന അജന്‍ഡയും ഇതിനുപിന്നിലുണ്ട്. പഴയ തിരു-കൊച്ചി പ്രദേശങ്ങളില്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണന്താനത്തിന്റെ മന്ത്രിപദം ഉപയോഗിക്കാമെന്നാണ് പാര്‍ട്ടിബുദ്ധിജീവികളുടെ വിലയിരുത്തല്‍.

ബി.ജെ.പി.യോട് ക്രിസ്ത്യന്‍വിഭാഗത്തിന് തൊട്ടുകൂടായ്മയില്ലെന്നതിന് പഴയവോട്ടുനിലയും പാര്‍ട്ടിയുടെ പക്കലുണ്ട്. 2004-ലെ മൂവാറ്റുപുഴ തിരഞ്ഞെടുപ്പാണ് ചൂണ്ടിക്കാട്ടുന്നത്. അന്ന് പി.സി. തോമസ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ഇവിടെനിന്ന് മത്സരിച്ച് ജയിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പൊതു വിലയിരുത്തല്‍ ഉള്ളത്. അതുകൊണ്ട് കൂടിയാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയതും.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടുതലുള്ള മദ്ധ്യകേരളത്തില്‍ എന്‍ഡിഎയുടെ സ്വാധീനം കൂടുന്നതിന്റെ ഭാഗമാണോ ഈ നീക്കമെന്ന് സംശയിക്കാവുന്നതാണ്. കേന്ദ്രമന്ത്രിയായി കേരളത്തില്‍ മത്സരിക്കാനുള്ള അവസരവും ഇതോടെ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കൈവരും. സംസ്ഥാനനേതൃത്വം വിഭാഗീയതയില്‍ തട്ടി ഭിന്നിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തിലാണു കേരളത്തില്‍ ബി.ജെ.പി. പുതിയ സാദ്ധ്യതകളെക്കുറിച്ച് ആലോചിക്കുന്നത്. അതിനു സംസ്ഥാനത്തെ ക്രിസ്തീയ സഭകളെയാണ് ലക്ഷ്യമാക്കുന്നത്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തില്‍ അവരുമായി ബന്ധപ്പെടാന്‍ കഴിയുന്നവരാരുമില്ലെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം.

കേരളത്തില്‍ ഹിന്ദുത്വം മാത്രം പറഞ്ഞുകൊണ്ട് മുന്നോട്ടുപോകാനും കഴിയില്ല. ആ സാഹചര്യത്തില്‍ ക്രിസ്തീയ സഭകളുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി കണ്ണന്താനത്തെ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കഴിയും. ക്രിസ്തീയനായ ഒരു വ്യക്തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവര്‍ക്കിടയില്‍ കടന്നുചെല്ലാനാകുമെന്ന് ബി.ജെ.പി. വിശ്വസിക്കുന്നു. കണ്ണന്താനത്തിനു സഭകളുമായി അത്ര അടുത്ത ബന്ധമില്ലെങ്കിലും അദ്ദേഹത്തെ ഇടനിലക്കാരനാക്കിക്കൊണ്ട് ചര്‍ച്ച നടത്താമെന്നുമാണു വിലയിരുത്തല്‍.

 
എ എം

comments


 

Other news in this section