Wednesday, November 20, 2019

അയോദ്ധ്യ കേസ് വിധി; യു പി യില്‍ സുരക്ഷാ ശക്തമാക്കി; ഒപ്പം സോഷ്യല്‍ മീഡിയയും നിരീക്ഷണത്തില്‍

Updated on 05-11-2019 at 4:33 pm

ന്യൂഡല്‍ഹി : അയോദ്ധ്യ കേസ് വിധി പുറത്തുവരാനിരിക്കെ യു പി യില്‍ സുരക്ഷാ ശക്തമാക്കി. സോഷ്യല്‍ മീഡിയയിലെ പ്രകാപനപരമായ പോസ്റ്റുകളും പ്രചാരണങ്ങളും നിരിക്ഷീക്കുന്നതിനായി ഫൈസാബാദ് പൊലീസ് 16,000 വളണ്ടിയര്‍മാരെ നിയോഗിച്ചു. സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാര്‍ക്ക് പുറമെ ഫൈസാബാദ് ജില്ലയിലെ 1,600 ഇടങ്ങളിലായി 16,000 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പായി അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിച്ചേക്കും. വളണ്ടിയര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി വാട്സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ദൈവങ്ങളെ അപമാനിക്കുന്നതും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതും തര്‍ക്കഭൂമിക്ക് സമീപം പ്രകടനങ്ങള്‍ നടത്തുന്നതും വിലക്കിക്കൊണ്ട് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം ഭീകരാക്രമങ്ങളോ, വര്‍ഗീയ കലാപങ്ങളോ തടയാനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ നാല് സുരക്ഷാമേഖലകളാക്കി അയോധ്യയെ തിരിച്ചിട്ടുണ്ട്. റെഡ്, യെല്ലോ മേഖലകളില്‍ സിആര്‍പിഎഫിനും ഗ്രീന്‍, ബ്ലൂ മേഖലകളില്‍ പൊലീസിനുമായിരിക്കും സുരക്ഷാചുമതല. റെഡ് സോണ്‍ തര്‍ക്കഭൂമിയാണ്.

യെല്ലോ സോണ്‍ അയോധ്യയിലെ അഞ്ച് മൈല്‍ പരിധിയിലാണ്. ഗ്രീന്‍ സോണ്‍ പരിസര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 മൈല്‍. ബ്ലൂസോണ്‍ അയോധ്യ ജില്ലയ്ക്ക് സമീപമുള്ള ജില്ലകളും ചേര്‍ന്നതാണ്. അയോധ്യയിലെ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മോഹി അഖാര എന്നിവയ്ക്ക് തുല്യമായി ഭാഗിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കാന്‍ പോകുന്നത്. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 40 ദിവസം പ്രതിദിന വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.

comments


 

Other news in this section