Wednesday, November 14, 2018

അയര്‍ലണ്ടില്‍ വ്യാപകമായി ജല നിയന്ത്രണം: ജലക്ഷാമം ഏറ്റവും രൂക്ഷം ഡബ്ലിനില്‍; നിയന്ത്രണം ദീര്‍ഘകാലത്തേക്ക് വേണ്ടിവരുമെന്ന് ഐറിഷ് വാട്ടര്‍

Updated on 29-06-2018 at 10:12 am

ഡബ്ലിന്‍: താപനിലയിലുണ്ടായ വന്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ രാജ്യവ്യാപകമായി ജലനിയന്ത്രണം നിലവില്‍ വന്നു.നൂറോളം ജല വിതരണ കേന്ദ്രങ്ങളില്‍ ജല നിയന്ത്രണം നിലവില്‍വന്നു. ജലനിയന്ത്രണത്തിന്റെ തോത് ഏറ്റവും കൂടുതല്‍ ഗ്രെറ്റര്‍ ഡബ്ലിന്‍ മേഖലയിലാണ്. ചൂട് കൂടിയതിനാല്‍ കുടിവെള്ളത്തിന്റെ ആവശ്യകത വര്‍ധിച്ചുവെങ്കിലും വളരെ പരിമിതമായ അളവില്‍ മാത്രമാണ് ജലവിതരണം സാധ്യമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ 615 മെഗാലിറ്റര്‍ വെള്ളമാണ് ഡബ്ലിനിലേക്ക് വിതരണം ചെയ്യപ്പെട്ടത്. ആഭ്യന്തര ഉപയോഗത്തിന് പുറമെ ടൂറിസം സീസണ്‍ കൂടി കടന്നുവന്നതോടെ ജലഉപയോഗം വര്‍ധിക്കുകയായിരുന്നു. വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഇറാന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതിനുള്ള സാധ്യത ഇല്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ ജലനിയന്ത്രണം കൂടിവരുന്നതോടെ അയര്‍ലണ്ടില്‍ ജനജീവിതം താറുമാറായി.

ഐറിഷ് വാട്ടറിന്റെ ജലനിയന്ത്രണം വന്നതോടെ കുപ്പിവെള്ളത്തിനും ആവശ്യക്കാര്‍ ഏറി. നിയന്ത്രണം ദീര്‍ഘനാളത്തേക്ക് വേണ്ടി വരുമെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കില്‍ക്കെണി, ലോങ്ഫോര്‍ഡ്, അത്‌ലണ്‍, നോര്‍ത്ത് ഗാല്‍വേ, ലോത്ത്, കെറി എന്നിവിടങ്ങളില്‍ നിലവില്‍ നിയന്ത്രണം തുടരുകയാണ്. ജലലഭ്യത ഉറപ്പുവരുത്തിയിരുന്ന കോര്‍ക്ക്, വികളോ, ലീമെറിക്, കില്‍ക്കെനി, കാര്‍ലോ, ടിപ്പറെറി, ക്ലയര്‍, മായോ, സിലിഗോ, ഡോനിഗല്‍, റോസ്‌കോമണ്‍, ലോയിസ്, വാട്ടര്‍ഫോര്‍ഡ്, ഓഫാലി എന്നീ പ്രദേശങ്ങളിലും ഉടന്‍തന്നെ ജലനിയന്ത്രണം ആരംഭിക്കും.

വെള്ളം വളരെ മിതമായി മാത്രം ഉപയോഗിക്കണമെന്ന അറിയിപ്പ് കൗണ്ടി കൗണ്‍സിലുകള്‍ വഴി പുറത്തുവിട്ടിരുന്നു. ഹോസ് പൈപ്പുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൂന്തോട്ടം നനയ്ക്കല്‍ ,കാറ് കഴുകല്‍ തുടങ്ങിയ ആവശ്യങ്ങള്‍ തത്കാലം ഒഴിവാക്കണമെന്നും ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

comments


 

Other news in this section