Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

അയര്‍ലണ്ടില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൂചന; സിറിയയില്‍ പിടിക്കപ്പെട്ട ഐഎസ് ഭീകരന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Updated on 09-01-2019 at 8:32 am

ഡബ്ലിന്‍: സിറിയയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരന്‍ വര്‍ഷങ്ങളോളം അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി സുരക്ഷാ സേന കണ്ടെത്തിയതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയങ്ങള്‍ വര്‍ധിക്കുന്നു. സൗത്ത് ഡബ്ലിനില്‍ താമസിച്ചിരുന്ന 45 വയസ്സ് പ്രായമുള്ള അലക്സാണ്ടര്‍ റസ്‌മെറ്റോവിച് ബെക്മിര്‍സായ്വ് എന്ന മുസ്ലിം ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡയുടെ നിരീക്ഷണത്തിലായിരുന്നു. 2013 ല്‍ കുടുംബത്തോടൊപ്പം സിറിയയിലേക്ക് കടന്നതായാണ് വിവരം. ബെലാറസ് സ്വദേശിയാണെന്ന് വിശ്വസിക്കപ്പെടുന്ന ബെക്മിര്‍സായ്വ് എന്ന മുസ്ലിം ജിഹാദി ഭീകരനെ കഴിഞ്ഞ ദിവസം കുര്‍ദിഷ് സേനയാണ് സിറിയയില്‍ നിന്ന് പിടികൂടുന്നത്.

ഗാര്‍ഡ സ്പെഷല്‍ ബ്രാഞ്ചിന്റെയും ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി സെക്ഷന്റെയും നിരീക്ഷണത്തിലായിരുന്ന ഇയാള്‍ അയര്‍ലണ്ടിലെ പലരെയും ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങള്‍. ബെലാറസില്‍ നിന്ന് 2000 ത്തിലാണ് ഇയാള്‍ അയര്‍ലണ്ടിലെത്തുന്നത്. 2010 ല്‍ ഐറിഷ് പൗരത്വം സ്വീകരിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. സൗത്ത് ഡബ്ലിനില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ഇയാള്‍ 2013 ല്‍ സിറിയയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഭാര്യയും കുഞ്ഞും അയര്‍ലന്‍ഡ് വിട്ടു. കഴിഞ്ഞ ഡിസംബര്‍ 30 ന് ഇയാളോടൊപ്പം നാല് പേരടങ്ങുന്ന ജിഹാദി ഭീകര സംഘത്തെ കുര്‍ദിഷ് സേന നയിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (SDF) പിടികൂടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ യുഎസ് പൗരന്മാരും രണ്ട് പേര്‍ പാകിസ്താനികളുമാണ്. കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള ഡെയര്‍ അല്‍-സോര്‍ പ്രദേശത്തിലൂടെ ഒളിച്ചു കടക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.

ഗാര്‍ഡയുടെ തീവ്രവാദ വിരുദ്ധ യൂണിറ്റിന്റെ സ്ഥിരം നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ഐഎസുമായി ബന്ധമുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്തുവന്നിരുന്നതായി കണ്ടെത്തിയിരുന്നു. അയര്‍ലണ്ടില്‍ നിന്നും ഐഎസ് തീവ്രവാദ അക്രമണങ്ങള്‍ക്കായി സിറിയയിലേക്ക് കടന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ബെക്മിര്‍സായ്വെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇതില്‍ പലരും ഇപ്പോഴും സിറിയയില്‍ ജീവനോടെ ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. അയര്‍ലണ്ടില്‍ പലരുമായും ഇയാള്‍ സ്ഥിരം ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദ വിരുദ്ധ യുണിറ്റ് ഇയാളെ കൂടുതല്‍ നിരീക്ഷണ വിധേയമാക്കിയത്. ഐഎസ് തീവ്രവാദികള്‍ക്ക് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കുക, സിറിയയിലും ഇറാഖിലുമുള്ള തങ്ങളുടെ അനുഭാവികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഒരുക്കുക തുടങ്ങിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ ചെയ്തുവന്നിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതോളം ഐറിഷ് പൗരന്മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും യാത്രചെയ്തിട്ടുള്ളതായി ന്യൂയോര്‍ക്കിലെ സുരക്ഷാ സ്ഥാപനം വെളിപ്പെടുത്തുന്നു. ഇതില്‍ അഞ്ചുപേരോളം മരണപ്പെട്ടിരിക്കാനാണ് സാധ്യത. ബാക്കിയുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇതില്‍ ആരെങ്കിലും അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നിട്ടുണ്ടോ എന്നകാര്യത്തിലും സംശയം അവശേഷിക്കുന്നു. ഡബ്ലിന്‍ സ്വദേശിയായിരുന്ന ഖാലിദ് കെല്ലി 2016 ല്‍ ഇറഖില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 2017 ലെ ലണ്ടന്‍ ബ്രിഡ്ജ് അക്രമണകാരികളില്‍ ഒരാളായ റഷീദ് റീഡൗണി അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അയര്‍ലണ്ടില്‍ ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ സംശയമാണ് ഇപ്പോള്‍ ബെക്മിര്‍സായ്വിന്റെ കാര്യത്തിലും ഉണ്ടാകുന്നത്.

അയര്‍ലണ്ടിലേക്ക് പല രാജ്യങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നവര്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അയര്‍ലണ്ടില്‍ ശക്തമാകുന്ന മയക്കുമരുന്ന് കച്ചവടങ്ങളും തീവ്രവാദത്തിനു സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയാകുന്നുണ്ടെന്നാണ് പോലീസ് ഭാഷ്യം. അയര്‍ലണ്ടില്‍ ഒരു ലക്ഷത്തില്‍ ഏഴ് പേര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപെടുന്നതായി കരുതുന്നു. മൊത്തം ജനസംഖ്യ കണക്കിലെടുത്താല്‍ ഇത് വലിയൊരു സംഖ്യയാണെന്ന് ബോധ്യപ്പെടും. സ്പെയിനില്‍ ഇത് ഒരു ലക്ഷത്തില്‍ മൂന്ന് പേര്‍ മാത്രമാണ്. ജര്‍മനിയില്‍ ലക്ഷത്തില്‍ ഒന്‍പത് പേരും. ഫ്രാന്‍സില്‍ ഒരു ലക്ഷത്തില്‍ 26 പേരും, ബെല്‍ജിയത്തില്‍ 42, സ്വീഡനില്‍ 31 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഎസിലേക്ക് ചേരുന്നവരുടെ കണക്കുകള്‍.

2017ല്‍ ജിഹാദി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് അയര്‍ലണ്ടില്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. 206ല്‍ ഇത് ഒരാള്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്തിയും വാഹനങ്ങളും ഉപയോഗിച്ച് യൂറോപ്പില്‍ തീവ്രവാദ ആക്രമണങ്ങള്‍ പതിവായിട്ടുണ്ട്. ഐഎസ് അനുഭാവികളുടെ എണ്ണം നേരിയ തോതില്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മിഷണര്‍ മൈക്കല്‍ ഒ’സുള്ളിവന്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ഇന്റലിജന്‍സ് വിഭാഗം സുരക്ഷ ശക്തമാക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. പുതിയായ സ്ട്രാറ്റജിക് ത്രെഡ് അനാലിസിസ് സെന്റര്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഗാര്‍ഡ, ഡിഫെന്‍സ് ഫോഴ്‌സ് തുടങ്ങിയ സുരക്ഷ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുള്ള പുതിയ സംവിധാനമാണിത്.

 

 

 

എ എം

comments


 

Other news in this section