Monday, December 10, 2018

അയര്‍ലണ്ടില്‍ കനത്ത മഴ ഇന്നും തുടരും; 12 കൗണ്ടികളില്‍ യെല്ലോ വാണിങ്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക

Updated on 13-01-2018 at 5:06 am

 

കനത്ത മഴമൂലം വെള്ളിയാഴ്ച പുലര്‍ച്ചെ അയര്‍ലന്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമായി മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച യെല്ലോ വാണിങ് ഇന്ന് വൈകിട്ട് ആറ് മണി വരെ തുടരും. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തോട്ടാകെ 12 കൗണ്ടികളിലാണ് മഴ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്.

മെറ്റ് ഐറാന്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ 25-40 എംഎം വരെ മഴ പെയ്യാം. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഗാല്‍വേ, മായോ, ക്ലേര്‍, ലിമെറിക്ക്, ടിപ്പെററി, വാട്ടര്‍ഫോര്‍ഡ് എന്നീ പ്രദേശങ്ങളില്‍ 25 – 40 എംഎം മഴയും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഖി2 മണി വരെയാണ് ഇവിടെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുള്ളത്.

മൂന്നാമത്തെ മുന്നറിയിപ്പ് കോര്‍ക്ക്, കെറി എന്നീ കൗണ്ടികളാണ്. ഈ പ്രദേശങ്ങളില്‍ 30 – 50 mm വരെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഐറാന്‍ വ്യക്തമാക്കുന്നു. സൗത്ത്-വെസ്റ്റ് കോര്‍ക്ക്, സൗത്ത് വെസ്റ്റ് കെറി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാം.

കനത്ത മഴ റോഡില്‍ അപകടങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ റോഡ് മിനുസ്സപ്പെടും. റോഡും വാഹനത്തിന്റെ ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ പൊടുന്നനെയുള്ള ബ്രേക്കിംഗ് വേണ്ടിവരുമ്പോള്‍ വാഹനം വഴുതിപ്പോകുകയും മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. അമിതവേഗത്തില്‍ ഓടിക്കുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും അപകടം ചെയ്യുന്നത്. എത്ര നിയന്ത്രണ ശേഷിയുള്ള ഡ്രൈവറാണ് സ്റ്റിയറിംഗ് തിരിക്കുന്നതെങ്കിലും ചവിട്ടിയിടത്ത് വാഹനം കിട്ടിയില്ലെങ്കില്‍ അത് അപകടത്തില്‍ കലാശിക്കും.

തേഞ്ഞ് തീരാറായ ടയറുകള്‍ ഒരിക്കലും മഴക്കാലത്ത് ഉപയോഗിക്കരുത്. തേയ്മാനത്തിന് അനുസരിച്ച് ടയറുകളുടെ ഗ്രിപ്പ് നഷ്ടപ്പെടും. ഇത് ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ വഴുതിപ്പോകാന്‍ ഇടയാക്കും. റോഡ് നനയുമ്പോള്‍ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസം രൂപപ്പെടും. റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം തടസ്സപ്പെടുത്തുന്ന വിധത്തില്‍ വെള്ളത്തിന്റെ ഒരു നേര്‍ത്ത പാട രൂപപ്പെടുന്നതിനെയാണ് അക്വാപ്ലെയിനിംഗ് എന്ന് പറയുന്നത്. ഇത് മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍ വണ്ടി ഉദ്ദേശിച്ചിടത്ത് നില്‍ക്കില്ല.

ബ്രേക്കുകളുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ മഴക്കാലത്ത് വാഹനം ഓടിക്കാവൂ. റോഡിലിറങ്ങും മുമ്പ് ബ്രേക്ക് നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബ്രേക്ക്പാടിന് വേണ്ടത്ര കനമില്ലെങ്കില്‍ അത് മാറ്റാന്‍ മടിക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിംഗ് ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ബ്രേക്ക്പാടുകളില്‍ ചെളി നിറഞ്ഞിട്ടുണ്ടെങ്കില്‍ അത് സര്‍വീസ് ചെയ്ത് നീക്കണം. പരമാവധി ബ്രേക്ക് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി ആക്സിലേറ്റര്‍ അയച്ച് വേഗം നിയന്ത്രിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് പുറത്തേക്ക് കാഴ്ച ലഭിക്കണമെങ്കില്‍ വൈപ്പറുകള്‍ തന്നെ സഹായിക്കണം. അതിനാല്‍ മഴക്കാലത്ത് വാഹനം എടുക്കുമ്പോള്‍ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പ് വിന്‍ഷീല്‍ഡില്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ വെയിലത്ത് കേട് വരാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ഇത് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് വിന്‍ഷീല്‍ഡിലെ വെള്ളം നീക്കാന്‍ ഈ വൈപ്പറുകള്‍ പോരെന്ന് മനസ്സിലാകുക. അതിനാല്‍ എല്ലാ മഴ സീസണിലും വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പുകള്‍ മാറ്റുന്നത് ഉചിതമാകും. വിന്‍ഷീല്‍ഡ് ഫല്‍യിഡ് ടോപ്പ് അപ്പ് ചെയ്യാനും മറക്കരുത്.

മഴ പെയ്യുമ്പോള്‍ വിന്‍ഷീല്‍ഡുകളില്‍ പുകപടലം നിറയും. റോഡില്‍ നിന്നും മറ്റുവാഹനങ്ങളില്‍ നിന്നും തെറിക്കുന്ന ചളിയും എണ്ണയും കലര്‍ന്ന മിശ്രിതം വിന്‍ഷീല്‍ഡില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് പടരുന്നത് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കും. അതിനാല്‍ നല്ല ഡിറ്റര്‍ജന്റുകളോ ഗ്ലാസ് ക്ലീനറുകളോ ഉപയോഗിച്ച് വിന്‍ഷീല്‍ഡ് കഴുകി വൃത്തിയാക്കണം. എസിയുടെ ഡീഫ്രോസ്റ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടക്കിടെ ഡീഫ്രോസ്റ്റര്‍ ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കുന്നത് കാഴ്ച സുഗമമാക്കും.

മഴക്കാലത്ത് വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. ഹെഡ്ലൈറ്റുകള്‍ പകല്‍ സമയങ്ങളിലും കത്തിക്കേണ്ടിവരുന്നതിനാല്‍ എക്സ്ട്രാ ഫ്യൂസുകളും ബള്‍ബുകളും കരുതുന്നത് നന്നാകും. രാത്രി യാത്രയില്‍ ഹെഡ്ലൈറ്റുകളില്‍ ഒന്ന് ഫീസായാല്‍ പോലും യാത്ര ദുര്‍ഘടമാകും. ശക്തമായ മഴയത്ത് ഹൈബീം ഹെഡ്ലാംപുകള്‍ ഉപയോഗിക്കരുത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഫോഗ് ലൈറ്റ് ഉള്ള വാഹനങ്ങളില്‍ അത് പ്രകാശിപ്പിക്കലാണ് നല്ലത്. കനത്ത മഴ പെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതും നന്നാകും. മറ്റു വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ ഇത് സഹായകരമാണ്. ബ്രേക്ക് ലൈറ്റ്, റിവേഴ്സ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇലക്ട്രിക്കല്‍ സംവിധാനം മഴക്കാലത്ത് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യത ഏറെയാണ്. വൈപ്പര്‍, പാര്‍ക്ക്ലൈറ്റ് തുടങ്ങിയവയുടെ ഉപയോഗം കൂടുന്നത് ബാറ്ററികളുടെ പണി കൂട്ടും. ബാറ്ററിക്ക് വേണ്ടത്ര ശേഷിയില്ലെങ്കില്‍ വാഹനം പണിമുടക്കാന്‍ അത് കാരണമാകും.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ബ്രേക്ക് കിട്ടാതെ വന്നാല്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കാന്‍ അതു മതിയാകും. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല.

ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ഡികെ

 

comments


 

Other news in this section