Friday, February 22, 2019

അയര്‍ലണ്ടിലെ പുതിയ ഭവന വായ്പ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം…

Updated on 26-01-2018 at 6:35 am

 

എന്താണ് Rebuilding Ireland Home Loan ?

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് വേണ്ടി ഐറിഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൗസിങ് പദ്ധതിയാണിത്. 2018 ഫെബ്രുവരി 1 മുതല്‍ ഈ ഹോം ലോണിന് വേണ്ടി അപേക്ഷ നല്‍കാവുന്നതാണ്. ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പുതിയ വീട് വാങ്ങാനോ, സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്കോ, അലെങ്കില്‍ സ്വന്തമായി വീട് വെയ്ക്കാനോ ഒക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. കൗണ്ടി കൗണ്‍സിലുകള്‍ വഴിയാണ് ലോണ്‍ അനുവദിക്കുന്നത്. പദ്ധതിയിലൂടെ ഓരോ പ്രദേശത്തെയും മാര്‍ക്കറ്റ് വിലയുടെ 90 ശതമാനം വരെ ലോണ്‍ ആയി അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, കില്‍ഡെയര്‍, ലോയ്ത്ത്, മീത്ത്, വിക്ലോ കൗണ്ടികളില്‍ പരമാവധി 320,000 യൂറോയും അയര്‍ലണ്ടിലെ മറ്റ് ഏതൊരു സ്ഥലത്തും 250,000 യൂറോയും വിലയുള്ള വീടുകള്‍ സ്വന്തമാക്കാന്‍ ഈ പദ്ധതിയിലൂടെ അവസരമുണ്ടാകും.

അപേക്ഷകന് വേണ്ട നിര്‍ബന്ധിത യോഗ്യതകള്‍:

1. ആദ്യമായി വീട് വാങ്ങുന്നവരായിരിക്കണം അപേക്ഷകര്‍.
2. 18 വയസിനും 70 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
3. പ്രൈമറി ആപ്ലിക്കന്റ് കാറ്റഗറിയില്‍പെടുന്നവര്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരാകണം.
4. സെക്കണ്ടറി ആപ്ലിക്കന്റ് വിഭാഗത്തില്‍ ഉള്ളവര്‍ ഒരു വര്‍ഷം സ്ഥിരമായി ജോലി ചെയ്തവരുമാവണം.
5. Single Applicant വിഭാഗത്തിലെ അപേക്ഷകരുടെ വാര്‍ഷിക വരുമാനം 50,000 യൂറോയില്‍ കൂടുതലാകാന്‍ പാടില്ല.
6. ജോയിന്റ് ആപ്ലികേഷനാണ് നല്‍കുന്നതെങ്കില്‍ വാര്‍ഷിക വരുമാനം 75,000 യൂറോയില്‍ കൂടരുത്.
7 സ്വയം തൊഴില്‍ സംരംഭകര്‍ ആണെങ്കില്‍ രണ്ട് വര്‍ഷത്തെ വരുമാനം കാണിക്കുന്ന Certified Account സമര്‍പ്പിക്കണം.
8. രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ അപേക്ഷകള്‍ നിരസിക്കപെട്ടവരാകണം അപേക്ഷകര്‍. അതിന്റെ തെളിവും സമര്‍പ്പിക്കണം.
9. അപേക്ഷകര്‍ക്ക് അയര്‍ലണ്ടിലോ/അയര്‍ലന്‍ഡിന് പുറത്തോ Residential Property ഉണ്ടായിരിക്കരുത്.
10. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവില്‍ അപേക്ഷകര്‍ സ്ഥിരതാമസക്കാരായിരിക്കണം.
11. വാങ്ങിക്കാനുദ്ദേശിക്കുന്ന വസ്തു 175 സ്‌ക്വയര്‍ മീറ്ററില്‍ കൂടരുത്. (Gross Internal Floor Area)
12. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു നിര്‍ദ്ദിഷ്ട മാര്‍ക്കറ്റ് വില പരിധി ലംഘിക്കരുത്.
13. അപേക്ഷകര്‍ ക്രഡിറ്റ് ബ്യൂറോ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.
14. അര്‍ഹരായ അപേക്ഷകര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നതായിരിക്കും.
15. പൂര്‍ണ്ണമല്ലാത്ത അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടും.
16. അപേക്ഷകന്‍ എടുത്തിട്ടുള്ള മറ്റു ലോണ്‍ വിവരങ്ങളും അപേക്ഷയില്‍ നല്‍കണം.
17. ഹോം ലോണിലൂടെ സ്വന്തമാക്കുന്ന വീട് നിശ്ചിത സമയപരിധിക്കുള്ളില്‍ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ അനുമതിയുണ്ടാവില്ല. മാത്രമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്താനുള്ള പൂര്‍ണ അധികാരം ഹൗസിങ് മന്ത്രാലയത്തിനായിരിക്കും.

അനുവദിക്കപ്പെടുന്ന ലോണ്‍ തുക:

Rebuilding Home Loan പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും. 320 ,000 യൂറോ മാര്‍ക്കറ്റ് വിലയുള്ള വീടുകള്‍ക്ക് (Dublin , Galway, Kildare, Louth, Meath, Wicklow) പരമാവധി 288,000 യൂറോ വരെ വായ്പ ലഭിക്കും. 250,000 യൂറോ വരെ വിപണിവിലയുള്ള വീടുകള്‍ വാങ്ങാന്‍ 225,000 യൂറോ പരമാവധി തുക ലോണായി ലഭിക്കും. വായ്പ ലഭിക്കുന്നതിന് മുന്‍പ് തന്നെ അപേക്ഷകര്‍ Mortgage Protection Insurance (MPI) എടുക്കണമെന്ന നിബന്ധനയും ഈ ഹോം ലോണ്‍ വ്യവസ്ഥ ചെയുന്നു.

ലോണ്‍ എടുക്കുന്നവര്‍ക്കുള്ള മറ്റ് മാനദണ്ഡങ്ങള്‍:

1. ലോണ്‍ തുക തിരിച്ചടക്കാത്തപക്ഷം വീട് തിരിച്ചുപിടിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരിക്കും.
2. സ്ഥിരമായ തിരിച്ചടക്കല്‍ പദ്ധതിയാണിതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ പലിശ തുക വര്‍ധിപ്പിച്ചാല്‍ അപേക്ഷകന്‍ അത് ചോദ്യം ചെയ്യാന്‍ കഴിയില്ല.
3. സ്ഥിരമായി പലിശ നിരക്കുകള്‍ തിരിച്ചടക്കാത്തവരില്‍ നിന്നും പലിശക്ക് ഒപ്പം പിഴ തുകയും ഈടാക്കപ്പെടും.
4. കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് അധികാരമുണ്ടാകും.
5. ക്രഡിറ്റ് റേറ്റിങ് താഴ്ന്നതോടെ കുടിശ്ശിക വരുത്തുന്നവര്‍ക്ക് മറ്റ് ലോണുകള്‍ എടുക്കാനും ബുദ്ധിമുട്ട് നേരിടും.

ഹോം ലോണ്‍ പലിശ നിരക്കുകള്‍:

Rebuilding ഹോം അപേക്ഷകര്‍ക്ക് പ്രധാനമായും മൂന്നു തരത്തിലുള്ള പലിശ നിരക്കുകളാണ് ലഭ്യമാവുക.
1. സ്ഥിരമായ 2 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്നവ (APR 2.02 %)
2. 30 വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാവുന്ന 2.25 ശതമാനം സ്ഥിരനിരക്കിലുള്ള തിരിച്ചടവുകള്‍ (APR 2.27 %)
3. 30 വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാവുന്ന 2.30 ശതമാനം പലിശ നിരക്കുകള്‍ (APR 2.32 % )
ഈ വിഭാഗത്തില്‍പ്പെടുന്ന തിരിച്ചടവുകള്‍ സ്ഥിരമായ പലിശ നിരക്കിലാണെങ്കിലും ചില അവസരങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ലോണ്‍ തിരിച്ചടവില്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മോര്‍ട്ട് ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് തുക ലോണ്‍ തുകയ്ക്ക് പുറമെ മാസംതോറും അടക്കേണം. ലോണ്‍ എടുക്കുന്നവര്‍ നിര്‍ബന്ധമായും MPR എടുത്തിരിക്കണം. ഈ ഇനത്തില്‍ മാസ നിരക്ക് എത്രത്തോളം വരുമെന്ന് അറിവായിട്ടില്ല.

ഈ പദ്ധതിയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ വീട് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏകദേശം 1500 യൂറോ വരെ പരമാവധി മാസതിരിച്ചടവും മറ്റ് പ്രദേശങ്ങളില്‍ വീട് എടുക്കുന്നവര്‍ക്ക് 1000 യൂറോയില്‍ കവിയാത്ത മാസതവണകളും പ്രതീക്ഷിക്കാം.

എങ്ങനെ അപേക്ഷ നല്‍കാം :

Rebuilding Home Loan-നു അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹരായവര്‍ ഫെബ്രുവരി 1 മുതല്‍ നല്‍കിത്തുടങ്ങാം.
അപേക്ഷകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
1. അപേക്ഷ ഫോം സസൂഷ്മം മുഴുവനായും പൂരിപ്പിക്കുക.
2. അപേക്ഷയില്‍ ചോദിച്ചിരിക്കുന്ന ആധികാരിക രേഖകള്‍ Applicant Check List-ല്‍ ഉള്‍പ്പെടുത്തുക.
3. പൂരിപ്പിച്ച അപേക്ഷയില്‍ അപേക്ഷകര്‍ സ്വന്തം ഒപ്പ് രേഖപ്പെടുത്താന്‍ മറക്കാതിരിക്കുക.
4. പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ നിങ്ങളുടെ കൗണ്ടി കൗണ്‍സിലിലാണ് സമര്‍പ്പിക്കേണ്ടത്.
5. സ്വന്തം അപേക്ഷകള്‍ കഴിവതും അപേക്ഷകന്‍ തന്നെ നേരിട്ട് ലോക്കല്‍ അതോറിറ്റിയില്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുക. ഒരുപക്ഷെ അപേക്ഷയില്‍ ഏതെങ്കിലും ഭാഗം തെറ്റായി പൂരിപ്പിക്കുകയോ, അല്ലെങ്കില്‍ പൂരിപ്പിക്കാന്‍ വിട്ടുപോവുകയോ ചെയ്താല്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കപ്പെടുമ്പോള്‍ അത്തരം തെറ്റുകള്‍ തിരുത്താന്‍ കഴിയും.
6. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ തിരിച്ചയക്കുകയോ, നിരസിക്കുകയോ ചെയ്യാനുള്ള അധികാരം കൗണ്ടി കൗണ്‍സിലുകള്‍ക്ക് ആയിരിക്കും.
7. അപേക്ഷകന്‍ ലോണ്‍ എടുക്കുന്നതും തിരിച്ചടക്കുന്നതും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ക്കും, നിബന്ധനകള്‍ക്കും വിധേയമായിരിക്കും.
8. കൂടുതല്‍ വിവരങ്ങള്‍ക്ക് 051-349720 (8 am – 5 pm, തിങ്കള്‍ മുതല്‍ വെള്ളി വരെ) എന്ന ഹെല്പ് ലൈനിലോ നിങ്ങളുടെ കൗണ്ടി കൗണ്‍സിലുമായി നേരിട്ടോ ബന്ധപ്പെടാം.

www.rebuildingirelandhomeloan.ie

 

 

 

 

 

ഡികെ

 

comments


 

Other news in this section