Friday, December 14, 2018

അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്; കെ.ശിവന്‍ പുതിയ ഐ.എസ്.ആര്‍.ഒ മേധാവി

Updated on 11-01-2018 at 6:41 am

 

ഐഎസ്ആര്‍ഒ യുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും.

കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് നാളെ വിക്ഷേപിക്കുന്നത്. അമേരിക്ക, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍.

കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ്-2ന്റെ പ്രധാന ലക്ഷ്യം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത.

അതേസമയം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഓയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവന്‍ നിയമിതനായി. ജനുവരി 14ന് കാലാവധി പൂര്‍ത്തിയാക്കുന്ന എ.എസ് കിരണ്‍ കുമാറിന്റെ പിന്‍ഗാമിയായാണ് തമിഴ് നാട് നാഗര്‍കോവില്‍ സ്വദേശി കെ.ശിവന്‍ സ്ഥാനമേല്‍ക്കുന്നത്. ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഇദ്ദേഹം നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.

ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഓ യെ ലോക റെക്കോര്‍ഡിന് അര്‍ഹരാക്കിയ പദ്ധതിയില്‍ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. ഭ്രമണപഥത്തില്‍ ഉപഗ്രങ്ങളെ എങ്ങനെ സ്ഥാപിക്കണമെന്നതിന്റെ സാങ്കേതികവശങ്ങള്‍ കൈകാര്യം ചെയ്തത് ഇദ്ദേഹം ആയിരുന്നു.

മുമ്പ് ഒരുപാട് മഹാരഥന്മാര്‍ വഹിച്ച സ്ഥാനത്തേക്ക് നിയമിതനായതില്‍ എറെ സന്തോഷമുണ്ടെന്ന് കെ. ശിവന്‍ പുതിയ നിയമനത്തെ കുറിച്ച് പ്രതികരിച്ചു. ഐഎസ്ആര്‍ഒ യെ പുതിയ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ഒപ്പം രാജ്യത്തെ സേവിക്കുകയുമാണ് തന്റെ ചുമതലയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ഐഐടി ബോംബെയിലെ മുന്‍ വിദ്യാര്‍ഥിയായ ശിവന്‍, 1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയില്‍ നിന്നും എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദധാരിയാണ്. 1982ല്‍ ബെംഗളുരു ഐഐഎസ്ഇ യില്‍ നിന്നും എയ്‌റോസ്പേസ് എഞ്ചിനീയറിങില്‍ എംഇ. 2006ലാണ് ഐഐടി ബോംബെയില്‍ നിന്നും എയ്‌റോസ്പേസ് എഞ്ചിനീയറിങില്‍ പിഎച്ച്ഡി കരസ്ഥമാക്കുന്നത്.

 

ഡികെ

 

comments


 

Other news in this section