Thursday, February 21, 2019

അബോര്‍ഷന്‍ റഫറണ്ടം മേയ് 25-ന്. തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത്:

Updated on 23-04-2018 at 2:24 pm

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരശീല വീഴാന്‍ ഒരു മാസം മാത്രം. നീണ്ട ചര്‍ച്ചകള്‍ക്കും ആശയ സംഘടനങ്ങള്‍ക്കുമൊടുവില്‍ അബോര്‍ഷന്‍ വിഷയത്തില്‍ ഓരോരുത്തര്‍ക്കും വ്യക്തിഗത അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാം. ഐറിഷ് ജനതയുടെ മനസ്സറിയാന്‍ നടത്തുന്ന വോട്ടെടുപ്പിന് റഫറണ്ടം കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ ആദ്യ പടിയായി തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കണം.

2018 ഫെബ്രുവരി 15-ന് 18 വയസ്സ് പൂര്‍ത്തിയായ ഐറിഷ് പൗരത്വമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹത ഉണ്ട്. ഐറിഷ് പൗരത്വമില്ലാത്തവരും എന്നാല്‍ നിലവില്‍ അയര്‍ലണ്ടില്‍ സ്ഥിര താമസമായവര്‍ക്കും ഈ റഫറണ്ടത്തില്‍ അവകാശമുണ്ടാവുമെന്നാണ് സൂചന. കമ്മീഷന്‍ വെബ്‌സൈറ്റില്‍ checktheregister.ie-യില്‍ കയറി അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷകള്‍ തിരിച്ചറിയല്‍ രേഖ സഹിതം തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കൗണ്ടി കൗണ്‍സിലുകള്‍, പോസ്റ്റ് ഓഫിസ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളില്‍ നല്‍കാം. മേയ് 8 ന് മുന്‍പ് അപേക്ഷകള്‍ നല്‍കിയിരിക്കണം.

വോട്ട് ചെയ്യാന്‍ നേരത്തെ രെജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് RFA5 അപേക്ഷാ ഫോമും പുതുതായി രെജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് RFA 2 ഫോമും ഉപയോഗിക്കാം. മേല്‍ വിലാസം മാറ്റേണ്ടവരും RFA2 ഫോം ഉപയോഗിക്കണം. അപേക്ഷാ ഫോമുകള്‍ കൗണ്ടി കൗണ്‍സിലുകള്‍ വഴി നേരിട്ടും വാങ്ങാന്‍ സാധിക്കും. തെരഞ്ഞെടുപ്പിന് 3.2 മില്യണ്‍ ഇലക്റ്ററല്‍ കോളേജുകളാണ് ഉണ്ടാവുക. വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നവര്‍ക്ക് വോട്ട് ചെയ്യേണ്ട പോളിംഗ് സ്റ്റേഷനുകള്‍ അറിയിച്ചുകൊണ്ടുള്ള പോളിംഗ് കാര്‍ഡുകള്‍ ലഭിക്കും.

വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഞായര്‍, പൊതു അവധികള്‍ ഒഴികെ 22 ദിവസം മുന്‍പെങ്കിലും രെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. അതുകൊണ്ട് തന്നെ വളരെ പരിമിതമായ ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിലൂടെയും, പോളിംഗ് സ്റ്റേഷനുകളില്‍ നേരിട്ട് എത്തിയും വോട്ട് രേഖപ്പെടുത്താം.

പോസ്റ്റല്‍ വോട്ട് ആര്‍ക്കെല്ലാം ഉപയോഗിക്കാം?

– രാജ്യത്തിന് പുറത്തുള്ള ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ പങ്കാളികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.
– ഗാര്‍ഡ ജീവനക്കാര്‍ക്ക്.
– പ്രതിരോധ സേനകളില്‍ അംഗങ്ങളായവര്‍ക്ക്.
– അംഗവൈകല്യമുള്ളവരും മറ്റു ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.
– അയര്‍ലണ്ടിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥി ആയിരിക്കുകയൂം ഇത് താമസ സ്ഥലത്തു നിന്നും വളരെ അകലെ ആയിരിക്കുകയും ചെയ്താല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം പ്രയോജനപ്പെടുത്താം.
– ജോലി മറ്റു സ്ഥലങ്ങളില്‍ ആയതിനാല്‍ പോളിംഗ് സ്റ്റേഷനില്‍ എത്താന്‍ കഴിയാത്തവര്‍ക്കും ഇത് ഉപയോഗിക്കാം.
– തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ പോസ്റ്റല്‍ വോട്ടിന് അര്‍ഹരാണ്.

പോസ്റ്റല്‍ വോട്ട് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 28 ആണ്. പോസ്റ്റല്‍ വോട്ടിന് PV2 ഫോം ആണ് ഉപയോഗിക്കേണ്ടത്. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് യാതൊരു കാരണവശാലും പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹത ഉണ്ടാവില്ല. അതുപോലെ ഐറിഷ് പൗരത്വമുള്ളവരും എന്നാല്‍ നിലവില്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാനാവില്ല. ഏതെങ്കിലും കാരണവശാല്‍ സാധാരണ രെജിസ്‌ട്രേഷനില്‍ പെടാത്തവര്‍ക്ക് വേണ്ടി സപ്ലിമെറ്ററി രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഈ രെജിസ്റ്റര്‍ പ്രസിദ്ധീകരിക്കുക. മേയ് 25-നു വെള്ളിയാഴ്ച 7 എ.എം മുതല്‍ 10 പി.എം വരെ 15 മണിക്കൂര്‍ സമയത്തിനുള്ളില്‍ നിര്‍ദ്ധിഷ്ട പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അതാത് കൗണ്ടി കൗണ്‍സിലുകളുമായി ബന്ധപ്പെടുക.

 

 

 

ഡികെ

comments


 

Other news in this section