Thursday, February 21, 2019

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കുടുംബ സംഗമം

Updated on 18-05-2018 at 8:05 pm

ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് മെയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ് മൗണ്ട് മെല്ലറി അബ്ബിയില്‍ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ :മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ അനുഗ്രഹീത കരങ്ങളാല്‍ സമ്മേളനം ഉത്ഘാടനം ചെയ്യപ്പെട്ടു. റെവ.ഫാ.റ്റി.ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.റവ:ഫാ: നൈനാന്‍ പി.കുര്യാക്കോസ് ,റെവ. ഫാ.അനീഷ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സന്ധ്യാ നമസ്‌കാരത്തിനു ശേഷം റെവ:ഫാ.റ്റി.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സോള്‍ ബീറ്റ്‌സ് ഒരുക്കിയ ഗോസ്പല്‍ മ്യൂസിക് ഏവര്‍ക്കും വേറിട്ട അനുഭവം ആയിരുന്നു.തുടര്‍ന്ന് റെവ:ഫാ.ഡോ :നൈനാന്‍ വി.ജോര്‍ജ്ജ്(യൂ.കെ) സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.അഭിവന്ദ്യ തിരുമേനി യുടെ ജന്മദിനം അന്നേ ദിവസ്സം തിരുമേനിയോടോന്നിച്ചു ആഘോഷിക്കാന്‍ കഴിഞ്ഞത് ദൈവകൃപയുടെ മനോഹാരിതയായി ഏവര്‍ക്കും അനുഭവപ്പെട്ടു.മെയ് 6 ന് ഞായറാഴ്ച്ച വി.കുര്‍ബാന യുടെ പരിപാവനതയില്‍ ആരംഭിച്ച സമ്മേളനം മുതിര്‍ന്നവര്‍ക്കും,കൗമാരക്കാര്‍ക്കും, കുട്ടികള്‍ക്കുമുള്ള ക്‌ളാസ്സുകളാല്‍ അറിവിന്റെ അരുവിയായി മാറി. റവ.ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്ജ്, ഡോ.എലിസബത്ത് ജോയ്, റെവ.സിസ്റ്റര്‍ ദീന O S M , റെവ.ഡീക്കന്‍ കാല്‍വിന്‍ കോശി എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. സന്ധ്യാ നമസ്‌കാരത്തിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളോടുകൂടി വര്‍ണ്ണാഭമായ രാവ്,ഏവരെയും ആവേശത്തിലാഴ്ത്തിയ ക്യാമ്പ്ഫയറോടു കൂടി അതിന്റെ പൂര്‍ണതയിലെത്തി. മെയ് 7 തിങ്കളാഴ്ച്ച പ്രഭാത നമസ്‌കാരത്തോടു കൂടി ആരംഭിച്ച യോഗം, റവ.ഫാ.ഡോ.നൈനാന്‍ വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗയോടു കൂടി അന്നേ ദിവസത്തിലേക്ക് പ്രവേശിച്ചു.

മനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉന്മേഷപ്രദമാക്കിയ നേച്ചര്‍ വോക്കിങ് മറക്കാനാവാത്ത ഒരനുഭവമായി മാറി. ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തില്‍ വച്ച് ഭദ്രാസന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോണ്‍ മാത്യുവിനെ (ഡബ്ലിന്‍) ആദരിച്ചു. തുടര്‍ന്ന് റെവ.ഫാ.സഖറിയാ ജോര്‍ജ്ജ് നന്ദി പ്രകാശനം നടത്തി .അഭിവന്ദ്യ തിരുമേനി കൊടി ഇറക്കിയതോടു കൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് (അയര്‍ലന്‍ഡ് റീജിയന്‍) പരിസമാപിച്ചു.

ഏകദേശം മൂന്ന് ദിവസ്സങ്ങളിലായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സ് സംഘാടന മികവ് കൊണ്ടും,പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും,സഭാ പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ടുംഇടവക ജനങ്ങളുടെ പങ്കാളിത്തതിനാലും ഏറെ നിലവാരം പുലര്‍ത്തി.ഈ മൂന്ന് ദിവസ്സവും അഭിവന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഈ കൂടിച്ചേരലിനെ ഏറെ അനുഗ്രഹപ്രദമാക്കി.അയര്‍ലണ്ടില്‍ നിന്നുള്ള എല്ലാ ഇടവകയില്‍ നിന്നും,ബെല്‍ഫാസ്റ്റിലെ ഇടവകയില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.പ്രസ്തുത സമ്മേളനത്തിന് നേതൃത്വം വഹിക്കുകയും,വിവിധ ക്ലാസുകള്‍,യോഗ,സംഗീത പരിശീലനം എന്നിവയാല്‍ ഈ കോണ്‍ഫറന്‍സ് ഏറെ വിജയപ്രദമാക്കിതീര്‍ക്കുകയും ചെയ്ത ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, റവ. ഫാ . ഡോ .നൈനാന്‍ വി.ജോര്‍ജ്ജ്( യൂ .കെ), ഡോ.എലിസബേത്ത് ജോയ് ( യു.കെ), റെവ.സിസ്റ്റര്‍ ദീന O S M, റെവ.ഡീക്കന്‍ കാല്‍വിന്‍ കോശി, റെവ.ഫാ.റ്റി. ജോര്‍ജ്, റെവ.ഫാ.നൈനാന്‍ പി .കുര്യാക്കോസ്, റവ.ഫാ.അനീഷ് ജോണ്‍,റവ.ഫാ.സക്കറിയ ജോര്‍ജ്ജ് എന്നിവരോടെ ഏറെ കടപ്പെട്ടിരിക്കുന്നു.

തിരക്കേറിയ ജീവതത്തില്‍ കുടുംബത്തോടൊപ്പം ആത്മീയതയില്‍ വളരേണ്ടത് എത്രയോ പ്രാധാന്യം അര്‍ഹിക്കുന്നു എന്നത് ഈ കോണ്‍ഫറന്‍സ് നമ്മളെ ഓര്‍മപ്പെടുത്തുന്നു.ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കോപ്റ്റിക് ഓര്‍ത്തോഡോക്‌സ് ചര്‍ച് ദയറാ സന്ദര്‍ശിച്ച നമ്മുടെ തിരുമേനിക്ക് ലഭിച്ച സ്വീകരണം മറക്കാനാവാത്ത അനുഭവമായി മാറി. ഈ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു രുചിയേറിയ നാടന്‍ ഭക്ഷണം.നാടറിഞ്ഞു,നാട്ടു രുചിയറിഞ്ഞു,നാം ഒന്നു ചേര്‍ന്ന്,നമുക്കായി തയ്യാറാക്കിയ നാടന്‍ വിഭവങ്ങള്‍ രുചിയുടെ മറ്റൊരു മനോഹര ലോകത്തേക്ക് ഏവരേയും കൂട്ടിക്കൊണ്ടുപോയി.പ്രവചനാതീതമായ ഇവിടുത്തെ പ്രകൃതി പോലും നമ്മെ നോക്കി അസൂയയോടെ പുഞ്ചിരി തൂകി നിന്നു.പ്രകൃതിയോടലിഞ്ഞു ചേര്‍ന്നു നടന്നതിലൂടെ കാഴ്ച്ചക്കാരനെ കാഴ്ച്ചയുടെ അനന്തമായ സൗന്ദര്യത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന പ്രകൃതിയുടെ സ്വതസിദ്ധമായ സമ്പത്തു അനുഭവിച്ചറിയാന്‍ മൗണ്ട് മെല്ലറി നമ്മളെ ഇടയാക്കി.ഈ സമ്മേളനത്തിന് സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ഞങ്ങളെ സഹായിച്ച നാട്ടുകാരായ മലയാളി സുഹൃത്തുക്കളോടും,നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികളോടും ,അഭിവന്ദ്യ തിരുമേനിയോടും ,പങ്കെടുത്ത എല്ലാ കുടുംബങ്ങളോടുമുള്ള നന്ദിയും,കടപ്പാടും ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു.വീണ്ടും ഒത്തു കൂടണം എന്ന പ്രതീക്ഷയോടെ.

വാര്‍ത്ത: അനൂപ് വാട്ടര്‍ഫോര്‍ഡ്

comments


 

Other news in this section